ഇരുളില്‍ മിന്നിത്തിളങ്ങുന്ന ഭീമന് സ്രാവുകള്‍; ഇത് ആഴക്കടലിലെ പുതിയ കണ്ടെത്തല്‍
വിസ്മയങ്ങള്‍ ഏറെയുണ്ട് ആഴക്കടലില്‍. പലതും മനുഷ്യന്റെ അറിവുകള്‍ക്ക് അതീതം. അതുകൊണ്ടുതന്നെയാണ് ശാസ്ത്രലോകം ആഴക്കലിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുന്നതും. കടലാഴങ്ങളില്‍ നിന്നും ശാസ്ത്രജ്ഞന്മാര്ക്ക് പുതിയൊരു കണ്ടെത്തല്‍ കൂടി ലഭിച്ചു. ഇരുട്ടില്‍ മിന്നിത്തിളങ്ങുന്ന ഭീമന് സ്രാവുകളെക്കുറിച്ചുള്ളതാണ് ഈ കണ്ടെത്തല്‍.
ഇരുട്ടില്‍ നീല നിറത്തില്‍ മിന്നിത്തിളങ്ങുന്ന ഈ സ്രാവുകളുടെ പേര് കൈറ്റ് ഫിന് എന്നാണ്. ന്യൂസീലന്‍ഡിലെ വാട്ടര്‍ ആന്‍ഡ് അറ്റ്മോസ്ഫറിക് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകസംഘമാണ് ഇരുട്ടില്‍ തിളങ്ങുന്ന സ്രാവുകളെ കണ്ടെത്തിയത്. ന്യൂസീലന്‍ഡിന്റെ കിഴക്കന്‍ തീരമായ ഛാഥാം റൈസ് എന്ന മേഖലയില്‍ നിന്നുമാണ് ഇവയുടെ കണ്ടെത്തിയതും.
ബയോലിമിനന്സ് എന്ന പ്രതിഭാസമാണ് സ്രാവുകളിലെ ഈ തിളക്കത്തിനു കാരണം. സാധാരണ ബാക്ടീരിയ, ആല്‍ഗ, ഫംഗസ് എന്നിവ പോലുള്ള സൂഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ് എന്ന് അറിയപ്പെടുന്നത്. ചിലയിനം ജെല്ലി ഫിഷുകള്‍, ചില മത്സ്യങ്ങള്‍ എന്നിവയ്ക്കും ഇത്തരത്തില്‍ പ്രകാശം പുറത്തുവിടാനുള്ള കഴിവുണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷ നേടാനും ഇണയെയും ഇരയെയുമൊക്കെ ആകര്‍ഷിക്കാനും സൂഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്തുന്നു.
Read more: കൊടും ഭീകരനാണ്, നിമിഷങ്ങള്‍ക്കൊണ്ട് ജീവനെടുക്കുന്ന ‘നീല നീരാളി’
എന്നാല്‍ കൈറ്റ് സ്രാവുകള്‍ ഇത്തരത്തില്‍ പ്രകാശം പുറപ്പെടുവിയ്ക്കുന്നത് ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത് ഇത് ആദ്യമായാണ്. സ്രാവുകളുടെ ശരീരത്തിലെ ലൂസിഫെരിന് എന്ന രാസസംയുക്തത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ പ്രകാശമുണ്ടാകുന്നത്. ബയോലുമിനസെന്സിനെ തണുത്ത വെളിച്ചം എന്നും വിശേഷിപ്പിയ്ക്കുന്നു. കാരണം ഈ പ്രകാശത്തിന് താപോര്‍ജം കുറവാണ്.
അതേസമയം ആഴക്കടലില്‍ ഏകദേശം സമുദ്ര നിരപ്പില്‍ നിന്നും 3200-അടിയിലാണ് പൊതുവെ കൈറ്റ് ഫിന് ഷാര്‍ക്കുകള്‍ വസിയ്ക്കുന്നത്. ഇവയ്ക്ക് മറ്റ് സ്രാവുകളെ അപേക്ഷിച്ച് വേഗത കുറവാണ്. അതിനാല്‍ ഇവയില്‍ നിന്നും പുറപ്പെടുന്ന വെളിച്ചം ഇരയെ പിടിയ്ക്കാന്‍ സഹായിക്കുന്നു. ആറടയിയോളം നീളമുണ്ട് കൈറ്റ് ഫിന് സ്രാവുകള്‍ക്ക്. സീല്‍ ഷാര്‍ക്ക് എന്നും ഇവ അറിയപ്പെടുന്നു. തങ്ങളേക്കാള്‍ വലുതായ തിരണ്ടി പോലുള്ള മീനുകളേയും കൈറ്റ് ഫിന് സ്രാവുകള്‍ അക്രമിയ്ക്കാറുണ്ട്. അതിശക്തമാണ് ഇവയുടെ കൂര്‍ത്ത പല്ലുകളും. ഈ സ്രാവുകളെക്കുറിച്ച് നേരത്തെതന്നെ പഠനം നടത്തിയിട്ടുണ്ടെങ്കിലും ഇവ പ്രകാശം പരത്താറുണ്ടെന്ന ശാസ്ത്രജ്ഞന്മാരുടെ പുതിയ കണ്ടെത്തല്‍ ശാസത്രലോകത്ത് ക ൗതുകം നിറയ്ക്കുന്നു.
Story highlights: Large glowing Sharks