പണം തരാമെന്ന് പറഞ്ഞ് മാറ്റിവെപ്പിച്ച ടിക്കറ്റിന് ആറുകോടി സമ്മാനം; ടിക്കറ്റ് വീട്ടിലെത്തിച്ച് ഭാഗ്യദേവത
ചില ഭാഗ്യങ്ങൾ മനുഷ്യനെ തേടിയെത്തുന്നത് അപ്രതീക്ഷിതമായാണ്. കൗതുകവും സന്തോഷവും തോന്നുന്ന അത്തരം ഭാഗ്യങ്ങൾ പലപ്പോഴും സംഭവിക്കുന്നത് ലോട്ടറി നറുക്കെടുപ്പിലാണ്. ജീവിതത്തിൽ പ്രതീക്ഷയറ്റ നിമിഷങ്ങളിലൊക്കെ അപ്രതീക്ഷിതമായി കോടീശ്വരനായി മാറുന്ന ആളുകളുടെ ജീവിത കഥ മുൻപും കണ്ടിട്ടുണ്ട്. എന്നാൽ, കീഴ്മാട് സ്വദേശി പി കെ ചന്ദ്രനെ ഭാഗ്യദേവത വീട്ടിലേക്ക് അന്വേഷിച്ച് എത്തുകയായിരുന്നു.
ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് മുൻപിൽ ലോട്ടറി കച്ചവടം നടത്തുന്ന സ്മിജ കെ മോഹനാണ് ആ ഭാഗ്യദേവത. ഞായറാഴ്ച ഉച്ചക്ക് ശേഷവും വിറ്റുപോകാതെ 12 സ്മിജയുടെ കൈവശമുണ്ടായിരുന്നു. നറുക്കെടുപ്പും അതേദിവസം തന്നെയായിരുന്നു. ലോട്ടറി വാങ്ങാറുള്ള ആളുകളെ ഫോൺ വിളിച്ച് ബാക്കിയുള്ള ടിക്കറ്റുകൾ വാങ്ങാൻ സ്മിജ ആവശ്യപ്പെടുകയായിരുന്നു.
എസ്ഡി 316142 എന്ന നമ്പറിലുള്ള ടിക്കറ്റ് മാറ്റിവയ്ക്കാനാണ് ചന്ദ്രനെ വിളിച്ചപ്പോൾ ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ടിക്കറ്റിന്റെ പണം നേരിൽ കാണുമ്പോൾ നൽകാം എന്നുമാണ് ചന്ദ്രൻ സ്മിജയെ അറിയിച്ചത്. ടിക്കറ്റിന്റെ ചിത്രം സ്മിജ ചന്ദ്രന് വാട്സാപ്പിൽ അയച്ചുകൊടുത്തിരുന്നു. ഉച്ചക്ക് ശേഷം ഫലം വന്നപ്പോഴാണ് ആറുകോടിയുടെ ബമ്പർ ചന്ദ്രന്റെ ടിക്കറ്റിന് ലഭിച്ചതായി സ്മിജ അറിയുന്നത്.
Read More: 45 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ കൊവിഡ് വാക്സിൻ നൽകും
ഫലം അറിഞ്ഞയുടൻ തന്നെ ഭർത്താവ് രാജേശ്വരനെയും കൂട്ടി ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് ഏൽപ്പിച്ച് 200 രൂപ സ്മിജ കൈപ്പറ്റി. ചന്ദ്രൻ ടിക്കറ്റ് ഇന്നലെ എസ്ബിഐ കീഴ്മാട് ശാഖയിൽ ഏൽപിച്ചു. നികുതി കഴിഞ്ഞു ചന്ദ്രനു 4 കോടി 20 ലക്ഷം രൂപ ലഭിക്കും. സ്മിജയുടെ സത്യസന്ധത കൊണ്ടാണ് ഈ തുക ലഭിച്ചത് എന്നാണ് ചന്ദ്രൻ പ്രതികരിച്ചത്.
Story highlights- lottery winner heart touching moment