തരിശുഭൂമിയെ മനോഹരമായ പിങ്ക് പറുദീസയാക്കിമാറ്റി യുവാവ്; പിന്നിൽ മനോഹരമായൊരു പ്രണയകഥയും

March 11, 2021
Pink Island

വിനോദസഞ്ചാരികളുടെയും ഒപ്പം നിരവധി ഫോട്ടോഗ്രാഫറുമാരുടെയും ഇഷ്ടഇടങ്ങളിൽ ഒന്നാണ് പിങ്ക് പറുദീസാ എന്നറിയപ്പെടുന്ന ചൈനയിലെ ഹെറ്റൗ നഗരം. നഗരത്തിന്റെ തരിശുഭൂമിയിൽ പൂത്തുലഞ്ഞ് നിൽക്കുന്ന പിങ്ക് പൂക്കളാണ് ഈ ഇടത്തെ കൂടുതൽ വർണശോഭമാക്കുന്നത്. പ്രണയിനികളുടെ ഇഷ്ട ഇടങ്ങളിൽ ഒന്നായി മാറിയ ഈ സ്ഥലത്തിന് പിന്നിലുമുണ്ട് ഒരു പ്രണയത്തിന്റെ കഥ പറയാൻ.

കാഴ്ചയിൽ അതിമനോഹരമായി തോന്നുന്ന ഈ പിങ്ക് പറുദീസ, പക്ഷെ കൃത്രിമ ചെറി പുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നതാണ്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ സിയാവോ സൂങ് എന്ന യുവാവാണ് ഈ പിങ്ക് പറുദീസയ്ക്ക് പിന്നിൽ. തരിശായി കിടന്നിരുന്ന ഭൂമിയെ തന്റെ പ്രിയതമയോടുള്ള സ്നേഹത്തിന്റെ പേരിലാണ് സുന്ദരമായ പൂക്കളാൽ അലങ്കരിച്ച് മനോഹരമായ ഇടമാക്കി സിയാവോ മാറ്റിയത്. ഒരുപാട് പണവും സമയവും ഉപയോഗിച്ചാണ് സിയാവോ ഈ പൂക്കൾ ഇവിടെ ഒരുക്കിയത്.

കാമുകിയ്ക്ക് വേണ്ടി അവൾക്ക് ഇഷ്ടപെട്ട പിങ്ക് പൂക്കൾ ഉപയോഗിച്ച് ഒരു തരിശ് ഭൂമി മുഴുവൻ പൂന്തോട്ടമാക്കി മാറ്റിയപ്പോൾ തന്റെ കാമുകി തിരികെ വരുമെന്നുള്ള പ്രതീക്ഷയിലായിരുന്നു സിയാവോ. എന്നാൽ പ്രിയതമ തിരികെ വന്നില്ലെങ്കിലും അദ്ദേഹം ഒരുക്കിയ ഈ പിങ്ക് പറുദീസാ കാണാനും ആസ്വദിക്കാനുമായി നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഒപ്പം പ്രണയിനികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടം എന്ന പേരും ഈ സ്ഥലത്തിന് ലഭിച്ചു.

Read also:ലക്ഷക്കണക്കിന് മരതകങ്ങൾ ഉപയോഗിച്ചൊരുക്കിയ ആരാധനാലയം; പിന്നിലുണ്ടൊരു സ്നേഹത്തിന്റെ കഥ

2018 ലാണ് സിയാവോ തന്റെ പ്രാണസഖിയെ കണ്ടെത്തിയത്. നഗരത്തിൽ ജോലി നോക്കുന്നതിനിടെയിൽ കണ്ടെത്തിയ ഇരുവരും തമ്മിൽ പരസ്പരം പിരിയാനാവാത്ത വിധത്തിൽ സ്നേഹത്തിലായി. എന്നാൽ ഒരിക്കൽ നഗരത്തിൽ നിന്നും ഗ്രാമത്തിലെ മാതാപിതാക്കളെ നോക്കാനായി സിയാവോയ്ക്ക് തിരികെ വരേണ്ടിവന്നു. അങ്ങനെ ഇരുവർക്കും തമ്മിൽ പിരിയേണ്ടിവന്നു. എങ്കിലും ഇപ്പോഴും സ്നേഹിക്കുന്ന തന്റെ പ്രിയതമയോടുള്ള സ്നേഹത്തിന്റെ പേരിലാണ് അദ്ദേഹം മനോഹരമായ പൂന്തോട്ടം ഇവിടെ ഒരുക്കിയത്.

Story highlights: Man Builds Huge Pink Island to Attracts Tourists