“കഥാപാത്രങ്ങളുടെ പേരില്‍ പുതിയ ലുക്ക് പരീക്ഷിക്കുകയാണ്; പിന്നെ സണ്ണിയുടെ കൂടെയൊക്കെ പിടിച്ചുനില്‍ക്കേണ്ടേ…”; പുതിയ ലുക്കിനെക്കുറിച്ച് രസികന്‍ മറുപടിയുമായി മഞ്ജു വാര്യര്‍
കഴിഞ്ഞ ദിവസം മുതല്‍ ഫാഷന്‍ലോകത്ത് നിറയുന്നത് ചലച്ചിത്രതാരം മഞ്ജു വാര്യരുടെ പുതിയ ലുക്കാണ്. സ്‌കേര്‍ട്ടും ഷര്‍ട്ടുമണിഞ്ഞ് ചതുര്‍മുഖം സിനിമയുടെ പ്രസ്മീറ്റിനായി വന്ന താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നതും. എന്നാല്‍ പുതിയ ലുക്കിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ മഞ്ജു വാര്യര്‍ നല്‍കിയതാകട്ടെ രസകരമായ മറുപടിയാണ്.
ഓരോ കഥാപാത്രങ്ങളുടേയും പേര് പറഞ്ഞ് പല ടൈപ്പിലുള്ള ഡ്രസുകള്‍ ഒരു രസത്തിന് പരീക്ഷിക്കുകയാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. ‘പിന്നെ സണ്ണിക്കൊപ്പമൊക്കെ പിടിച്ചുനില്‍ക്കേണ്ടേ’ എന്നും രസകരമായി പറഞ്ഞു. സണ്ണി വെയ്‌നുമുണ്ടായിരുന്നു അഭിമുഖത്തില്‍ മഞ്ജുവിനൊപ്പം. എറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായി മാറിയിരിക്കുകയാണ് സണ്ണി വെയ്ന്‍ എന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നീ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ചതുര്‍മുഖം. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന ഖ്യാതിയോടെയാണ് ചതുര്‍മുഖം പ്രേക്ഷകരിലേക്കെത്തുക. ഈ വര്‍ണന തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഒരു പ്രധാന ഘടകവും.
ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗം എന്ന് ടെക്നോ ഹൊററിനെ വിശേഷിപ്പിയ്ക്കാം. കാഴ്ചക്കാരില്‍ ഭീതി ജനിപ്പിയ്ക്കാന്‍ ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും എല്ലാം ഉപയോഗപ്പെടുത്തുന്നു ടെക്നോ ഹൊറര്‍ ചിത്രങ്ങളില്‍. സയന്‍സ് ഫിക്ഷനും ഫാന്റസിയുമൊക്കെ ഇത്തരം ചിത്രങ്ങളുടെ ഭാഗമാകാറുണ്ട്.
അതേസമയം സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ചതുര്‍മുഖം ചിത്രത്തിനുണ്ട്. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചതുര്‍മുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Story highlights: Manju Warrier about her new look