‘മേരി’; ജനരോക്ഷത്തെ തുടര്‍ന്ന് തൂക്കിലേറ്റപ്പെട്ട ആന
തൂക്കിലേറി വധിക്കപ്പെട്ട പലരുടേയും കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ജനരോക്ഷത്തെ തുടര്‍ന്ന് തൂക്കിലേറി വധിക്കപ്പെട്ട ഒരു ആനയുണ്ട്. പേര് മേരി. കൊലയാളി മേരി എന്നും ഈ ആന അറിയപ്പെട്ടിരുന്നു. 1984- 1916 കാലഘട്ടത്തില്‍ ജീവിച്ചിരുന്നതാണ് ഈ ആന. അമേരിക്കന്‍ ഐക്യനാടുകളിലെ സ്പാര്‍ക്സ് വേള്‍ഡ് ഫേമസ് ഷോ സര്‍ക്കസിലെ ആനയായിരുന്ന മേരി.
സര്‍ക്കസില്‍ പലപ്പോഴും മേരി അതിശയിപ്പിച്ചുവെങ്കിലും തൂക്കിലേറ്റപ്പെട്ട ആന എന്ന നിലയിലാണ് പിന്നീട് കൂടുതലായും മേരി അറിയപ്പെട്ടത്. എന്തിനാണ് മേരിയെ തൂക്കിലേറ്റിയത്…? ഒരു പാപ്പാനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് എന്നാണ് ഒരു വാചകത്തിലുള്ള ഉത്തരം.
ആ സംഭവം ഇങ്ങനെ; 1916 ലെ സെപ്റ്റംബര്‍ മാസം. ടെന്നസിയയിലെ കിങ്സ്പോര്‍ട്ട് പട്ടണത്തിലായിരുന്നു സ്പാര്‍ക്സ് വേള്‍ഡ് ഫേമസ് ഷോയുടെ സര്ക്കസവതരണം. റെഡ് എല്‍ഡ്രഡ്ജ് എന്നയാളായിരുന്നു ആനയുടെ പരിശീലകന്. ദിവസങ്ങളുടെ പരിചയം മാത്രമെ മേരിക്ക് ഈ പാപ്പാനുമായി ഉണ്ടായിരുന്നുള്ളൂ. സര്‍ക്കസ് അവതരണത്തിനിടെ ആനകളുടെ ഷോ അരങ്ങേറിയപ്പോള്‍ മേരിയായിരുന്നു മുന്നില്‍. മേരിയുടെ പുറത്താകട്ടെ റെഡ് എല്ഡ്രിഡ്ജും ഉണ്ടായിരുന്നു. പെട്ടെന്ന് ഇദ്ദേഹത്തെ മേരി കൊലപ്പെടുത്തുകയായിരുന്നു.
Read more: മഴവില്‍ വര്‍ണങ്ങളില്‍ ഒരു ‘റെയിന്‍ബോ വില്ലേജ്’
ഈ സംഭവത്തെക്കുറിച്ച് പല കഥകളും ഉയരുന്നുണ്ടെങ്കിലും ദൃക്സാക്ഷി എന്ന നിലയില്‍ കോള്മാന് എന്നൊരാള്‍ പറഞ്ഞത്; തണ്ണിമത്തന് എടുക്കാന്‍ ശ്രമിച്ച മേരിയെ പാപ്പാന് കുന്തമുപയോഗിച്ച് കുത്തിയെന്നും ഇതില്‍ പ്രകോപിതയായ മേരി പാപ്പാനെ തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞ ശേഷം കുത്തികൊലപ്പെടുത്തുകയും ചെയ്തു എന്നാണ്.
ഈ സംഭവത്തോടെ സര്‍ക്കസ് കാണാനെത്തിയ എല്ലാവരും ആനയെ കൊല്ല് എന്നു പറഞ്ഞ് ബഹളമുണ്ടാക്കി. ഇതേതുടര്‍ന്ന് തോക്കുകൊണ്ട് അഞ്ച് തവണ വെടിവെച്ചുവെങ്കിലും മേരിയുടെ ജീവന് പോയില്ല. ജനരോക്ഷം ശക്തമായപ്പോള്‍ ആനയെ പൊതുജനസമക്ഷം വധിക്കാമെന്ന് സര്‍ക്കസ് അധികൃതര്‍ പറഞ്ഞു.
അടുത്ത ദിവസം റെയില്‍ കാറില്‍ സ്ഥാപിച്ച ക്രെയിന്‍ ഉപയോഗിച്ച് മേരിയെ തൂക്കിലേറ്റി. നിരവധിയാളുകളും ഒത്തുകൂടിയിരുന്നു ടെന്നസിയിലെ യൂനികോയ് കൗണ്ടിയിലെ ക്ലിഞ്ച് ഫീല്‍ഡ് റെയില്‍ വേ യാര്‍ഡില്‍. എന്നാല്‍ ആദ്യ ശ്രമത്തില്‍ മേരി ചങ്ങല പൊട്ടി താഴേക്ക് വീണു. പരിക്കേറ്റ മേരിയെ വീണ്ടും തൂക്കിലേറ്റി. അങ്ങനെ മേരി എന്ന കൊലയാളി ആന ചരിഞ്ഞു.
Story highlights: Mary, the only elephant to be hanged to death