കടലിൽ മുങ്ങിയ കപ്പലിൽ അകപ്പെട്ട നാല് പൂച്ചകൾക്ക് രക്ഷകനായ നാവിക സേനാ ഉദ്യോഗസ്ഥൻ; ഹൃദയംതൊട്ട ദൃശ്യങ്ങൾ
കടലിൽ മുങ്ങിയ നാല് പൂച്ചക്കുട്ടികൾക്ക് രക്ഷകനായ ഒരു നാവിക സേനാ ഉദ്യോഗസ്ഥന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. തീപിടുത്തത്തെത്തുടർന്ന് തായ്ലൻഡിലെ പാരഡൈസ് ദ്വീപിന് സമീപത്തായുള്ള കടലിൽ മുങ്ങിയ കപ്പലിൽ നിന്നും യാത്രക്കാരെ അധികൃതർ രക്ഷിച്ചു. എന്നാൽ മുങ്ങിക്കൊണ്ടിരുന്ന കപ്പലിന്റെ പലകയിൽ കയറിയിരുന്ന പൂച്ചകളെ ആരും ശ്രദ്ധിച്ചിരുന്നില്ല.
അപകടത്തിൽപെട്ട കപ്പലിൽ നിന്നും യാത്രക്കാരെ രക്ഷിച്ച ശേഷം തിരികെ സുരക്ഷാസേനയുടെ ബോട്ടിലെത്തി എണ്ണ ചോർച്ച ഉണ്ടോയെന്ന് അധികൃതർ ക്യാമറയിലൂടെ പരിശോധിക്കുന്നതിനിടെയാണ് കപ്പലിന്റെ പലകയിൽ കുടുങ്ങിയ പൂച്ചകളെ കണ്ടെത്തിയത്. അതേസമയം ആ സമയം കടൽ പ്രക്ഷുബ്ധമായിരുന്നിട്ടും പൂച്ചകളെ രക്ഷിക്കുന്നതിനായി നാവിക സേന ഉദ്യോഗസ്ഥൻ കടലിലേക്ക് ചാടുകയായിരുന്നു.
അപകടത്തിൽപെട്ട കപ്പലിനരികിലെത്തിയ ഉദ്യോഗസ്ഥൻ പൂച്ചകളെ ഓരോന്നായി തോളിലേറ്റി തിരികെ ബോട്ടിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. തായ്ലൻഡിൽ നിന്നുമുള്ള ഈ രക്ഷാപ്രവർത്തന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഈ ഉദ്യോഗസ്ഥന്റെ കരുതലിന് മികച്ച പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights: navy sailor saves four cats from sinking ship