സൗബിൻ ഷാഹിറിന്റെ പോസ്റ്റിന് കമന്റുമായി നെറ്റ്ഫ്ലിക്സ്; ‘എടാ, നീ മലയാളിയായിരുന്നോ’ എന്ന് ആരാധകർ

March 18, 2021

ഫഹദ് ഫാസിലും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇരുൾ. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ട്രെയ്‌ലർ റിലീസിന്റെ ഭാഗമായി ദുരൂഹത നിറഞ്ഞ ഒരു ചോദ്യം സൗബിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ ദുരൂഹതയ്ക്ക് ഉത്തരം കണ്ടെത്തു എന്ന ക്യാപ്ഷനൊപ്പമാണ് സൗബിൻ ചോദ്യവുമായി എത്തിയത്. നിരവധി കമന്റുകൾ സൗബിന്റെ ചോദ്യത്തിന് ലഭിച്ചെങ്കിലും കമന്റുകളിൽ ഒന്ന് രസകരമായ ചർച്ചകളിലേക്ക് വഴിതിരിഞ്ഞിരിക്കുകയാണ്.

‘ഉത്തരം ഞാൻ പറയട്ടെ’ എന്ന മറുചോദ്യവുമായി നടി ദർശന രാജേന്ദ്രൻ എത്തിയപ്പോൾ ‘ഫോൺ എ ഫ്രണ്ട് ചെയ്യാമോ’ എന്ന കമന്റുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട്. മലയാളത്തിലുള്ള കമന്റ്റ് കണ്ടതോടെ സൗബിന്റെ ചോദ്യത്തിനുള്ള മറുപടിക്ക് പകരം പലരും നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ കമന്റിന് മറുപടി നൽകി. ‘എടാ, നീ മലയാളിയായിരുന്നോ?’ എന്ന രസകരമായ ചോദ്യവുമായാണ് ആരാധകർ എത്തിയത്. എന്തായാലും നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ അണിയറയിൽ മലയാളി സാന്നിധ്യം ഉണ്ടെന്നറിഞ്ഞ ആവേശത്തിലാണ് ആരാധകർ.

Read More: പത്തൊമ്പതാം നൂറ്റാണ്ടിലെ താരങ്ങൾ ഒറ്റ ഫ്രെയിമിൽ; ശ്രദ്ധനേടി സിജു വിൽസൺ പങ്കുവെച്ച ചിത്രം

അതേസമയം, ഡാർക്ക് തീം ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് ഇരുൾ. നസീഫ് യൂസഫ് ഇസുദ്ധീൻ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് നിർമിക്കുന്നത്. ക്യാമറ ജോമോൻ ടി ജോൺ, പ്രോജെക്ട് ഡിസൈനർ ബാദുഷ എന്നിവരുമാണ് നിർവഹിക്കുന്നത്.

Story highlights- netflix india funny comment on soubin shahir instagram post