ബോളിവുഡിലേക്ക് ചുവടുവെച്ച് കനി കുസൃതി; ശ്രദ്ധേയമായി ‘ഓകെ കമ്പ്യൂട്ടർ’ ട്രെയ്‌ലർ

March 18, 2021

സംസ്ഥാന പുരസ്‌കാര ജേതാവ് കനി കുസൃതി ആദ്യമായി വേഷമിടുന്ന ബോളിവുഡ് സീരീസാണ് ഓകെ കമ്പ്യൂട്ടർ. സയൻസ് ഫിക്ഷൻ കോമഡി സീരിസായ ഓകെ കമ്പ്യൂട്ടറിന്റെ ട്രെയിലർ ഡിസ്നി + ഹോട്ട്സ്റ്റാർ പുറത്തുവിട്ടു. രാധിക ആപ്‌തെ, ജാക്കി ഷ്രോഫ്, വിജയ് വർമ്മ എന്നിവർക്കൊപ്പമാണ്‌ കനി കുസൃതി വേഷമിടുന്നത്. പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നടി എത്തുന്നത്.

പ്രമുഖ നിർമ്മാതാക്കളായ ഷിപ്പ് ഓഫ് തിസസ്, ടംബാദ് എന്നിവർ നിർമിക്കുന്ന ഓകെ കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഒരു അനുഗ്രഹം എന്നതിലുപരി ദോഷമായി തീർന്നാൽ എന്താകും അവസ്ഥ എന്നതാണ് ചർച്ച ചെയ്യുന്നത്. 2031ൽ നടക്കുന്ന കഥയാണ് ഓകെ കമ്പ്യൂട്ടർ. ഗോവയിൽ ഡ്രൈവർ രഹിത വാഹനമിടിച്ച് ഒരാൾ കൊല്ലപെടുന്നതിനെ തുടർന്ന് ആരെയാണ് കുറ്റവാളിയാക്കേണ്ടത് എന്ന ചർച്ച ഉയരുന്നു. അതിലൂടെ സാങ്കേതികവിദ്യ മനുഷ്യന് അപകടമാകുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ചിത്രം.

Read More: നവരസത്തെ കടത്തിവെട്ടി മിയയുടെ രസഭാവങ്ങള്‍; വിട്ടുകൊടുക്കാതെ ബിനു അടിമാലിയും

പൂജ ഷെട്ടി, നീൽ പഗേഡർ എന്നിവർ ചേർന്നാണ് സംവിധാനം. നിർമാണവും രചനയും ആനന്ദ് ഗാന്ധിയാണ് നിർവഹിക്കുന്നത്. മാർച്ച് 26നാണ് ചിത്രം ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുന്നത്.

Story highlights- OK computer trailer