ഇതാണ് മുഖ്യമന്ത്രി…ഇതാവണം മുഖ്യമന്ത്രി; കേരളക്കര നെഞ്ചിലേറ്റിയ ജനനേതാവ്- വൺ റിവ്യൂ
‘ഇതാണ് മുഖ്യമന്ത്രി…ഇതാവണം മുഖ്യമന്ത്രി’- മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പ്രധാന കഥാപാത്രമായ വൺ എന്ന ചിത്രം കണ്ടിറങ്ങിയവർ ഒരു ഹൃദയത്തോടെ ആഗ്രഹിച്ചതും ഇതാകാം. കാരണം ഓരോ ഇലക്ഷൻ നാളുകളിലും കേരളജനത സ്വപ്നം കാണുന്ന, ജനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന, അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരു യഥാർത്ഥ ജനനായകന്റെ വേഷമാണ് കടക്കൽ ചന്ദ്രനായി മമ്മൂട്ടി അഭ്രപാളിയിൽ കെട്ടിയാടിയത്. തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ‘വൺ’ മികച്ച സ്വീകാര്യതനേടി മുന്നേറികൊണ്ടിരിക്കുകയാണ്.
‘കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടയ്ക്കൽ ചന്ദ്രൻ എന്നാണ് അയാളുടെ പേര്’ തിയേറ്ററിൽ ഇടമുഴക്കംപോലെ കൈയടി നേടിയ ഈ മാസ് ഡയലോഗ് മമ്മൂട്ടി എന്ന അതുല്യപ്രതിഭയുടെ അഭിനയമികവിനും സന്തോഷ് വിശ്വനാഥന്റെ സംവിധാനമികവിനും ലഭിച്ച ഏറ്റവും വലിയ അംഗീകാരം തന്നെ എന്ന് നിസംശയം പറയാം. ചിറകൊടിഞ്ഞ കിനാവുകള് എന്ന ചിത്രത്തിന് ശേഷം ഒരു ഒരു പൊളിറ്റിക്കൽ ത്രില്ലറുമായി സന്തോഷ് വിശ്വനാഥന് എത്തുമ്പോൾ സംവിധായകന്റെ കരിയറിലെ മികച്ച ചിത്രമെന്ന വിശേഷണവും വണ്ണിന് തന്നെ.
33 വർഷം നീണ്ട രാഷ്ട്രീയ ജീവിതം ജനങ്ങൾക്ക് വേണ്ടി മാറ്റിവെച്ച രാഷ്ട്രീയ നേതാവാണ് കടക്കൽ ചന്ദ്രൻ. സ്വന്തം ആദർശങ്ങളോടും ആശയങ്ങളോടും നൂറ് ശതമാനം നീതിപുലർത്തുന്ന ഒരു രാഷ്ട്രീയ നേതാവ്. ജനങ്ങളുടെ ക്ഷേമത്തിനും സമ്പത്തിനും വേണ്ടി നിലകൊള്ളുന്ന ജനനേതാവ് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. എന്നാൽ ഇതുവരെ കണ്ട രാഷ്ട്രീയ ചിത്രത്തിൽ നിന്നും വേറിട്ട് നിൽക്കുന്നുണ്ട് ഈ ചിത്രം. രാഷ്ട്രീയത്തിനപ്പുറം കുടുംബന്ധങ്ങളുടെ വൈകാരികതയിലൂടെയും ചിത്രം കടന്നുപോകുന്നുണ്ട്.
സംവിധാന മികവിനൊപ്പം ബോബി സഞ്ജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ശക്തമായ തിരക്കഥയും ചിത്രത്തിന്റെ കെട്ടുറപ്പ് ഭദ്രമാക്കുന്നുണ്ട്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും അണിയറ പ്രവർത്തകർ കാണിച്ച ബ്രില്യൻസ് എടുത്തു പറയേണ്ടത് തന്നെയാണ്. മമ്മൂട്ടി എന്ന അതുല്യനടനൊപ്പം മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി വേഷമിട്ട ജോജു ജോർജും, പ്രതിപക്ഷ നേതാവായി എത്തിയ മുരളി ഗോപിയും, നിമിഷ സജയനും അടക്കമുള്ളവർ കാഴ്ചവെക്കുന്നത്. ഇതിനുപുറമെ സലിം കുമാർ, സംവിധായകൻ രഞ്ജിത്ത്, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി തുടങ്ങിയവരും തങ്ങൾക്ക് ലഭിച്ച വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ മൂഡിന് അനുയോജ്യമായ വൈദി സോമശേഖരത്തിന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ എഡിറ്റിങ്ങും അഭിനന്ദനം അർഹിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും മികച്ചുനിൽക്കുന്നുണ്ട്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എഡ്യുക്കേഷ്ണല് പാര്ട്ണര് ലേണിങ് ആപ്ലിക്കേഷനായ XYLEM ആണ്. കണ്ടുമറക്കേണ്ട സിനിമാ കാഴ്ചയ്ക്ക് അപ്പുറം പ്രേക്ഷകരുടെ മനസ് തൊടുന്ന ഒരു ചിത്രം എന്ന് തെറ്റാതെ വിളിക്കാം ഈ മമ്മൂട്ടി ചിത്രത്തെ.
Story Highlights: One Movie Review