പാടി മോഹിപ്പിയ്ക്കുന്ന ഭാവഗായകന്‍ പി ജയചന്ദ്രന്‍ പിറന്നാള്‍ നിറവില്‍

March 3, 2021
P. Jayachandran birthday special

പി ജയചന്ദ്രന്‍; പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ സംഗീതം നിറയും. മലയാളികള്‍ക്ക് ഹൃദയത്തില്‍ നിന്നും അത്രപെട്ടെന്ന് പറിച്ചെറിയാന്‍ പറ്റുന്നതല്ല ജയചന്ദ്രന്‍ പാടുന്ന പാട്ടുകള്‍. അത്രമേല്‍ ഭാവാര്‍ദ്രമാണ് അദ്ദേഹത്തിന്റെ ആലാപനം. അതുകൊണ്ടുതന്നെയാണല്ലോ ഭാവഗായകന്‍ എന്ന് ആസ്വദകര്‍ പി ജയചന്ദ്രനെ വിശേഷിപ്പിക്കുന്നതും.

പിറന്നാള്‍ നിറവിലാണ് പി ജയചന്ദ്രന്‍. 77-ാം ജന്മദിനനിറവില്‍ നില്‍ക്കുമ്പോഴും ആ ശബ്ദത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്. പാടി മോഹിപ്പിയ്ക്കാറുണ്ട് ജയചന്ദ്രന്‍. പ്രായം തമ്മില്‍ മോഹം നല്‍കി… എന്ന ഗാനം കേള്‍ക്കുമ്പോള്‍ തന്നെ അത് ബോധ്യമാകും. ഏത് പ്രായക്കാര്‍ക്കും ഉള്ളുകൊണ്ട് ആസ്വാദിയ്ക്കാന്‍ തക്ക പാട്ടുകളും ജയചന്ദ്രന്‍ സമ്മാനിയ്ക്കുന്നു. നിറം എന്ന ചിത്രത്തിലെ പ്രായം തമ്മില്‍ മോഹം നല്‍കി… എന്ന പാട്ടുപാടുമ്പോള്‍ അദ്ദേഹത്തിന് അന്‍പത് കഴിഞ്ഞിരുന്നു പ്രായം. എന്നാല്‍ യൗവനത്തിന്റെ ചുറുചുറുക്കോടെയാണ് ആ ഗാനം പാടിയത് എന്ന് പറയാതിരിയ്ക്കാന്‍ ആവില്ല.

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് ‘കളിത്തോഴന്‍’ എന്ന ചിത്രതിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനു മാസ ചന്ദ്രിക വന്നു…’ എന്നു തുടങ്ങുന്ന ഗാനമാണ്. ഇന്നും മലയാളികളുടെ ഹൃദയങ്ങളില്‍ മായാതെ നില്‍പുണ്ട് ഈ ഗാനം.

കേട്ടുമതിവരാത്ത പാട്ടുകളാണ് പി ജയചന്ദ്രന്‍ സമ്മാനിയ്ക്കുന്നതൊക്കേയും. തേരിറങ്ങും മുകിലേ (മഴത്തുള്ളികിലുക്കം), ഓലഞ്ഞാലി കുരുവി(1983), ഇതളൂര്‍ന്നുവീണ (തന്മാത്ര), അറിയാതെ അറിയാതെ (രാവണപ്രഭു), പാട്ടില്‍ ഈ പാട്ടില്‍ (പ്രണയം), ശാരതാംബരം (എന്നു നിന്റെ മൊയ്തീന്‍), പൊടിമീശ (പാ.വ), നീയൊരു പുഴയായി (തിലകം), പൂവേ പൂവേ (ദേവദൂതന്‍), ആരു പറഞ്ഞു (പുലിവാല്‍ കല്യാണം), പ്രേമിയ്ക്കുമ്പോള്‍ നീയും ഞാനും (സാള്‍ട്ട് ആന്‍ഡ് പെപ്പര്‍) തുടങ്ങി നിരവധിയുണ്ട് അനുഗ്രഹീത കലാകാരന്റെ സ്വരമാധുരിയില്‍ മലയാളികള്‍ കേള്‍ക്കുന്ന ഗാനങ്ങള്‍.

പാട്ടുകൊണ്ട് മലയാളികളെ മോഹിപ്പിയ്ക്കുന്ന ഭാവഗായകന് പിറന്നാള്‍ മംഗളങ്ങള്‍….

Story highlights: P. Jayachandran birthday special