അച്ഛനും മകനും ഒരുമിച്ചെത്തുന്നു; പാപ്പന്‍ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് കനിഹ

March 7, 2021
Paappan Location photo shared by Kaniha

സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പാപ്പന്‍. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒരുമിയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും സുരേഷ് ഗോപിയ്ക്കും മകന്‍ ഗോകുല്‍ സുരേഷിനുമൊപ്പമുള്ള ചിത്രം ചലച്ചിത്രതാരം കനിഹയും പങ്കുവെച്ചു. കനിഹയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

അതേസമയം എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിയ്ക്കുന്നത്. ചിത്രത്തിനുവേണ്ടിയുള്ള സുരേഷ് ഗോപിയുടെ മേക്കോവറും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുന്നു. നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നൈല ഉഷ, സണ്ണി വെയ്ന്‍, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്.

Read more: സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്, ഈ ഫോർട്ട് കൊച്ചി മമ്മൂഞ്ഞ്; വേഷപ്പകർച്ചയിലും അഭിനയത്തിലും അമ്പരപ്പിച്ച് മിയക്കുട്ടി

സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252-ാമത്തെ ചിത്രമായിരിയ്ക്കും ഇത്. ആര്‍ ജെ ഷാന്‍, ജേക്‌സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

2014-ല്‍ പ്രേക്ഷകരിലേക്കെത്തിയ സലാം കാശ്മീര്‍ ആണ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അവസാന സുരേഷ് ഗോപി ചിത്രം. ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് കൈയടി നേടുന്ന നടനാണ് മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗേപി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതും.

Story highlights: Paappan Location photo shared by Kaniha