വെള്ളമല്ല ചിതറിവീഴുന്നത് തണുത്തുറഞ്ഞ ഐസ്; മഴവില്ലിന്റെ ശോഭയും: നയാഗ്ര വെള്ളച്ചാട്ടത്തിന്റെ വേറിട്ട ഭാവം: വീഡിയോ
വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. പല വിസ്മയങ്ങളും മനുഷ്യന്റെ വര്‍ണ്ണനകള്‍ക്കും വാക്കുകള്‍ക്കുമെല്ലാം അതീതവും. കാഴ്ചക്കാര്‍ക്ക് അദ്ഭുതങ്ങള്‍ സമ്മാനിയ്ക്കുന്ന നയാഗ്ര വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടറിവ് പോലുമില്ലാത്തവര്‍ വിരളമായിരിക്കാം. പ്രകൃതി ഒരുക്കിയ ഈ മനോഹരദൃശ്യവിരുന്ന് ആസ്വദിക്കാനെത്തുന്നവരും നിരവധിയാണ്. ഏറെപ്പേരാണ് ഒരിക്കലെങ്കിലും നയാഗ്രയുടെ ഭംഗി ആസ്വദിക്കണമെന്ന് ആഗ്രഹിയ്ക്കുന്നതും.
എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര അതിശൈത്യത്താല്‍ തണുത്തുറഞ്ഞിരിയ്ക്കുകയാണ്. നിലവില്‍ ഐസ് രൂപത്തിലാണ് വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളും. മൈനസ് 18 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടുത്തെ താപനില. തികച്ചും വ്യത്യസ്ത കാഴ്ചാനുഭവമാണ് ഐസ് രൂപത്തിലായ നയാഗ്ര സമ്മാനിയ്ക്കുന്നതും.
ICYMI: Breathtaking views of an ice-covered Niagara Falls when a rainbow appeared over the skies pic.twitter.com/Zr4iB7P8Ca
— Reuters (@Reuters) February 28, 2021
തണുത്തുറഞ്ഞ നയാഗ്രയുടെ നിരവധി ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളില്‍ ഐസ് രൂപത്തില്‍ വെള്ളം താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നതായി കാണാം. മാത്രമല്ല ഐസ്കട്ടകള്‍ വെള്ളച്ചാട്ടത്തിനൊപ്പം താഴേയ്ക്ക് പതിയ്ക്കുമ്പോള്‍ മൂടല്‍മഞ്ഞിനൊപ്പം മഴവില്‍ നിറങ്ങളും കാഴ്ചവസന്തമൊരുക്കുന്നു.
കനേഡിയന്‍ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോര്‍ക്കിനുമിടയില്‍ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ മനോഹരമായ കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല് ഫാള്‍സ്, കനേഡിയന്‍ ഹോഴ്സ് ഷൂ ഫാള്‍സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് നയാഗ്ര വെള്ളച്ചാട്ടം രൂപംകൊണ്ടിരിക്കുന്നത്.
തണുപ്പുകുറഞ്ഞ സമയങ്ങളില്‍ മണിക്കൂറില്‍ 68 കിലോമീറ്റര്‍ വേഗതയിലാണ് നയാഗ്രയില്‍ വെള്ളം പതിക്കുന്നത്. ഓരോ മിനിറ്റിലും 2.8 മില്ല്യന്‍ ലിറ്റര്‍ വെള്ളം പുറത്തേയ്ക്ക് ഒഴുകാറുമുണ്ട്.
Story highlights: Rainbow appears over the skyline as Niagara Falls freezes