”ഭാരക്കൂടുതലും വിക്കും അലട്ടിയിരുന്ന കൗമാരം’- മനസുതുറന്ന് സമീറ റെഡ്ഢി
കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ് നടി സമീറ റെഡ്ഢി. കുടുംബവിശേഷങ്ങളും മാനസിക ആരോഗ്യത്തെകുറിച്ചും, ബോഡി ഷേമിംഗ്, പ്രസവാനന്തര വിഷാദം തുടങ്ങി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് സമീറ ഈ ലോക്ക് ഡൗൺ സമയത്ത് ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ജീവിതത്തിൽ വെല്ലുവിളിയായ വിക്കിനെയും അമിത ഭാരത്തെയും മറികടന്ന അനുഭവം പങ്കുവയ്ക്കുകയാണ് സമീറ.
കൗമാരപ്രായത്തിലെ തന്റെ ശാരീരിക പോരാട്ടങ്ങളെക്കുറിച്ചാണ് നടി പങ്കുവയ്ക്കുന്നത്. സഹിഷ്ണുത പുലർത്താനും എല്ലാ വ്യത്യാസങ്ങളും അംഗീകരിക്കാനും കുട്ടികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും സമീറ പറയുന്നു. അമിതഭാരം അലട്ടിയിരുന്ന സമയത്തുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.
‘ഭാരക്കൂടുതലും വിക്കും ഒരു കൗമരക്കാരി എന്ന നിലയില്‍ എന്റെ ജീവിതം ദുഷ്കരമാക്കിയിരുന്നു. ഇന്ന് ഞാന്‍ എന്റെ കുട്ടികളെ കൂടുതല്‍ ക്ഷമയുള്ളവരാകാന്‍ പ്രാപ്തരാക്കുകയാണ്. എല്ലാവരും ഒരുപോലെയല്ല എന്ന സത്യം മനസ്സിലാക്കുക, വ്യത്യസ്തതകളെ അംഗീകരിക്കുക. വേദനിപ്പിക്കുന്ന വാക്കുകളെ അതിജീവിക്കാന്‍ വിഷമകരമാണ്. എന്നാല്‍ ഈ കൊച്ചുപെണ്‍കുട്ടിയോട് ഞാന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നത്, നീ എല്ലാംതികഞ്ഞവളാണെന്നാണ്. എന്റെ ഭൂതകാലത്ത് എനിക്ക് ഒരിക്കലും പറയാന്‍ സാധിക്കാതിരുന്നതും അതായിരുന്നു.അന്ന് ഞാന്‍ അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടിന്റെ ലോകം ഉണ്ടാക്കിയെടുത്തിരുന്നില്ല.നമ്മള് കുട്ടികളെയും അതേ ലോകത്തേക്ക് തന്നെയല്ലേ നടത്തുന്നത്. അതുകൊണ്ടു തന്നെ ശ്രദ്ധാലുക്കളാകുക, ബോധമുള്ളവരാകുക. മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുക’- സമീറ റെഡ്ഢിയുടെ വാക്കുകൾ.
Read More: അൻപത്തിമൂന്നാം വയസിലും തിളങ്ങുന്ന ചർമ്മം; രഹസ്യം പങ്കുവെച്ച് മാധുരി ദീക്ഷിത്
ലോക്ക് ഡൗൺ കാലത്താണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായത്. ലോകം വലിയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പോസിറ്റീവായ കാര്യങ്ങൾ പങ്കുവെച്ചതിന് സമീറയ്ക്ക് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ലോക്ക് ഡൗൺ കാലത്ത് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചതിനെക്കുറിച്ച് സമീറ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. 2020 ഒരു കുഴപ്പത്തിന്റെ വർഷമായിട്ടാണ് എല്ലാവരും കാണന്നതെങ്കിലും തിരിച്ചറിയാതെ പോയ ഒട്ടേറെ കഴിവുകൾ കണ്ടെത്താൻ സഹായിച്ച സമയമായിരുന്നു എന്നാണ് സമീറ പങ്കുവയ്ക്കുന്നത്.
Story highlights- sameera reddy about body shaming