‘നല്ലൊരു മനുഷ്യനാണ്, അങ്ങനെയൊരു ഹീറോയെ ഞാൻ കണ്ടിട്ടില്ല..’- കുട്ടി ജയന്മാരിലൂടെ പ്രിയനടന്റെ ഓർമ്മകൾ പങ്കുവെച്ച് സീമ
മലയാള സിനിമയിൽ ഒരുകാലത്ത് ഹിറ്റ് താരജോഡികളായിരുന്നു സീമയും ജയനും. ഏകദേശം ഇരുപതോളം ചിത്രങ്ങളിൽ സീമയും ജയനും ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്. അടുത്ത സൗഹൃദവും ഇരുവരും പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ ജയന്റെ അപ്രതീക്ഷിത അപകട മരണം സീമയെയും വളരെയധികം നൊമ്പരത്തിലാഴ്ത്തിയിരുന്നു. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സീമ പങ്കെടുക്കുന്ന വേദികളിൽ ജയന്റെ ഓർമ്മകളും നിറയാറുണ്ട്. ഇപ്പോഴിതാ, ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2 വേദിയിലും ജയന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സീമ.
ടോപ് സിംഗർ വേദിയിലേക്ക് അതിഥിയായി മുൻപും സീമ എത്തിയിട്ടുണ്ട്. ഇത്തവണ സീമയ്ക്കായി കുരുന്നു പാട്ടുകാർ ഗാനങ്ങൾക്ക് പകരം മറ്റൊരു മനോഹരമായ സമ്മാനമാണ് ഒരുക്കിയിരുന്നത്. നടൻ ജയന്റെ വിവിധ സിനിമകളിലെ വേഷങ്ങൾ പാട്ടുവേദിയിലെ കലാകാരന്മാർ പുനരാവിഷ്കരിച്ചു.
അക്ഷിത്ത്, ബെവൻ, ശ്രീനന്ദ്, ശ്രീഹരി എന്നിവരാണ് ജയന്റെ ഹിറ്റ് കഥാപാത്രങ്ങളെ വേദിയിൽ എത്തിച്ചത്. വളരെ വൈകാരികമായാണ് സീമ കുരുന്നു പ്രതിഭകളുടെ പ്രകടനം കയ്യടികളോടെ സ്വീകരിച്ചത്. അതോടൊപ്പം, ജയന്റെ ഓർമ്മകളും സീമ പങ്കുവെച്ചു. ഗാനരംഗങ്ങളിൽ നൃത്തം ചെയ്യാൻ ജയന് വളരെയധികം ഇഷ്ടമായിരുന്നു എന്നും തനിക്കൊപ്പം നൃത്തം ചെയ്തിരുന്നതെങ്ങനെയായിരുന്നു എന്നും സീമ വേദിയിൽ പങ്കുവെച്ചു. അതോടൊപ്പം തന്നെ അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയിരുന്നെന്നും ഇങ്ങനെയൊരു ഹീറോയെ മുൻപ് കണ്ടിട്ടില്ല എന്നും സീമ പറയുന്നു. ശ്രദ്ധേയമാകുകയാണ് കുട്ടി ജയന്മാരുടെ പ്രകടനവും സീമയുടെ വാക്കുകളും.
Story highlights- seema about jayan