അന്ന് ചുരുട്ടിയെറിഞ്ഞ ആ കടലാസിലെ വരികള്‍ ഇന്നും ഹിറ്റ്; ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’; ഹൃദയത്തിലേറ്റുന്ന ഗാനത്തിന്റെ പിറവി ഇങ്ങനെ
”ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്ചിരിയിലലിയുന്നെന് ജീവരാഗം…”; കാലാന്തരങ്ങള്‍ക്കുമപ്പുറം മലയാളികള്‍ ഇന്നും ഹൃദയത്തിലേറ്റുന്ന പാട്ട്. ഒരു കാലവര്‍ഷപ്പെയ്ത്തിലും ഒഴുകിയകലാത്ത ഭംഗിയുണ്ട് ഈ ഗാനത്തിന്. ശ്രീകുമാരന്‍ തമ്പിയുടേതാണ് ഗാനത്തിലെ വരികള്‍. വി ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്നിരിക്കുന്നു. ഭാര്യമാര്‍ സൂക്ഷിക്കുക എന്ന ചിത്രത്തിനു വേണ്ടി കെ ജെ യേശുദാസും പി ലീലയും ചേര്‍ന്ന് ആലപിച്ചതാണ് ഈ ഗാനം.
ഇനി ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ച്. വരികള്‍ പൂര്‍ത്തിയാക്കി, സംഗീതം ചെയ്യാനുള്ള കാത്തിരിപ്പ്. ശ്രീകുമാരന്‍ തമ്പി എഴുതിയ വരികള്‍ ഏറെ നേരം നോക്കിയിട്ടും സംഗീതം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ദക്ഷീണാമൂര്‍ത്തി പറഞ്ഞു. വരികള്‍ മാറ്റിയെഴുതാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് നല്ല പാട്ടാണെന്നും ഹിറ്റാകുമെന്നും ശ്രീകുമാരന്‍ തമ്പി ഉറപ്പിച്ചു പറഞ്ഞു.
ഏറെ നേരം കഴിഞ്ഞിട്ടും സംഗീതത്തിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടായില്ല. ദേഷ്യത്തോടെ ഈ വരികള്‍ കൊള്ളില്ല എന്ന് പറഞ്ഞ് ദക്ഷിണാമൂര്‍ത്തി ആ കടലാസ് ചുരുട്ടി എറിഞ്ഞു. ശേഷം സ്റ്റുഡിയോയ്ക്ക് പുറത്തേക്ക് പോയി. എന്നാല്‍ അല്പ സമയം കഴിഞ്ഞ് വീണ്ടും തിരികെയെത്തി. വലിച്ചെറിഞ്ഞ പേപ്പര്‍ എടുത്ത് നിവര്‍ത്തി. ശ്രീകുമാര്‍ തമ്പിയോട് തന്നെ പാടാന്‍ പറഞ്ഞു. അദ്ദേഹം പാടി. പെട്ടെന്ന്, മോഹനം എന്ന് പഞ്ഞ് ദക്ഷിണാമൂര്‍ത്തി ആ രാഗത്തില്‍ സംഗീതമൊരുക്കുകയും ചെയ്തു.
പാട്ടുകുരുന്നുകളെ അണിനിരത്തി ഫ്ളവേഴ്സ് ടിവി ഒരുക്കുന്ന ടോപ് സിംഗറില്‍ അതിഥിയായെത്തിയപ്പോഴാണ് ഈ പാട്ടോര്‍മകള്‍ ശ്രീകുമാരന്‍ തമ്പി പങ്കുവെച്ചത്. പാട്ടിന്റെ വരികള്‍ പിറക്കുമ്പോള്‍ തന്നെ കൂടെയൊരീണവും പിറക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
Story highlights: Sreekumaran Thampi about the origin of Chandrikayil Aliyunnu song