ഇത് എബ്രഹാം മാത്യു മാത്തന്‍; ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പാപ്പനിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി സുരേഷ് ഗോപി

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒരുമിയ്ക്കുന്നു. പാപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിയ്ക്കുകയാണ് സുരേഷ് ഗോപി. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിയ്ക്കുന്നത്. ചിത്രത്തിനുവേണ്ടിയുള്ള തന്റെ ലുക്കും താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നു എന്നതാണ് പാപ്പന്റെ മറ്റൊരു ആകര്‍ഷണം. ഇരുവര്‍ക്കും പുറമെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നൈല ഉഷ, സണ്ണി വെയ്ന്‍, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്.

സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252-ാമത്തെ ചിത്രമായിരിയ്ക്കും ഇത്. ആര്‍ ജെ ഷാന്‍, ജേക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

2014-ല്‍ പ്രേക്ഷകരിലേക്കെത്തിയ സലാം കാശ്മീര്‍ ആണ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അവസാന സുരേഷ് ഗോപി ചിത്രം. ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് കൈയടി നേടുന്ന നടനാണ് മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗേപി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതും.

Story highlights: Suresh Gopi reveals character look in paappan movie