രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നുണ്ടോ? കണ്ടെത്താം, പരിഹരിക്കാം…

symptoms of decreased hemoglobin in the body

രക്തത്തില ഹീമോഗ്ലാബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ. ഹീമോഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ശരീരത്തിൽ ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നത് അനീമിയയ്ക്ക് കാരണമാകും.ശരീരത്തിൽ കാണപ്പെടുന്ന ചുവന്ന രക്താണുക്കളാണ് ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ശരീരത്തിലെ കോശങ്ങൾക്കെല്ലാം ഓക്സിജൻ ആവശ്യമാണ്. ഇത് ആവശ്യത്തിന് ലഭിക്കാതെ വരുന്നതോടെയാണ് ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടുന്നത്. ഭക്ഷണകാര്യത്തിൽ അല്പം ശ്രദ്ധിച്ചാൽ വിളർച്ച ഒരുപരിധിവരെ തടയാനാകും.

അനീമിയയുടെ ലക്ഷണങ്ങൾ: തലകറക്കം, ശ്വാസതടസം, ക്ഷീണം, കിതപ്പ്, ശരീരത്തിലെ വിളർച്ച, ഉത്സാഹക്കുറവ്, കൈകളും കാലുകളും തണുത്തിരിക്കുക, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ രക്തപരിശോധനയിലൂടെ ശരീരത്തിലെ ഇരുമ്പിന്റെ അംശം കണ്ടെത്തണം.

വിളർച്ച തടയാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ: വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

പച്ച നിറത്തിലുള്ള ഇലക്കറികള്‍, മുട്ട, മീന്‍, ഇറച്ചി, ഡ്രൈ ഫ്രൂട്ട്‌സ്, ബീന്‍സ്, നെല്ലിക്ക എന്നിവയില്‍ ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും ഏറെ അനിവാര്യമാണ്.

മാതാള നാരങ്ങയും ഈന്തപ്പഴവും കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഇവ സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിക്കുന്നത് ഏറെ ആരോഗ്യകരമാണ്. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. പീനറ്റ്‌സ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക എന്നിവയില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

Story Highlights:symptoms of decreased hemoglobin in the body