പതിനെട്ടാം വയസിൽ വിവാഹം, ജീവിക്കാനായി പോരാട്ടം, ടാക്സി ഡ്രൈവറിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥയിലേക്ക്; പ്രചോദനമാണ് ഈ ജീവീതം
പഞ്ചാബിലെ സാധാരണ കുടുംബത്തിലാണ് മൻദീപ് കൗർ എന്ന യുവതി ജനിച്ചത്. കോളജിലെ പഠനകാലത്താണ് മൻദീപ് കൗർ വിവാഹിതയായത്. പത്തൊമ്പതാം വയസിൽ മൻദീപ് അമ്മയായി. എന്നാൽ വിവാഹ ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ട മൻദീപ് കൗർ, പിന്നീട് വിവാഹമോചനം നേടി. അപ്പോഴേക്കും രണ്ട് കുട്ടികളുടെ അമ്മയായ മൻദീപിന് കുട്ടികളെ വളർത്തുന്നതിനായി നിരവധി ജോലികൾ ചെയ്യേണ്ടതായി വന്നു. ജോലിയ്ക്കായി പഞ്ചാബിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മൻദീപ് കൗർ ആദ്യം വീടുകളിൽ കയറിയിറങ്ങി സാധനങ്ങൾ വിൽക്കുന്ന ജോലിയാണ് ചെയ്തുകൊണ്ടിരുന്നത്. പിന്നീട് അവിടെ നിന്നും ന്യൂസിലാൻഡിലേക്ക് ജോലിയ്ക്ക് പോയ മൻദീപ് അവിടെ ടാക്സി ഡ്രൈവറുടെ വേഷമാണ് അണിഞ്ഞത്.
മൻദീപ് കൗർ താമസിച്ചിരുന്ന ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റായിരുന്നു ജോണ് പെഗ്ലർ. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജോണ് ആയിരുന്നു അവിടുത്തെ മൻദീപിൻറെ ഏറ്റവും അടുത്ത സുഹൃത്ത്. ‘കിവി ഡാഡ്’ എന്നായിരുന്നു മൻദീപ് അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നു. പൊലീസ് കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ കഥകൾ കേൾക്കുന്നതിനായി മൻദീപ് സ്ഥിരമായി അദ്ദേഹത്തെ കാണാൻ അവിടെ എത്തിയിരുന്നു. അദ്ദേഹത്തിന്റെ കഥകളിൽ നിന്നും തനിക്കും ഒരു പൊലീസ് ഓഫീസറാകണം എന്ന ആഗ്രഹം മൻദീപിലും ഉണ്ടായി. പിന്നീട് അതിനായുള്ള ശ്രമത്തിലായിരുന്നു മൻദീപ്.
Read also:മരണത്തോട് മല്ലിടുന്ന പ്രിയതമനെ ചേർത്തുപിടിച്ച് അവൾ സമ്മതം മൂളി; കായികലോകം സാക്ഷിയായ ഫുട്ബോൾ ഗ്രൗണ്ടിലെ മനസമ്മതം, വിഡിയോ
ജോൺ പെഗ്ളരുടെ സഹായത്തോടെ മൻദീപ് അവിടുത്തെ പൊലീസ് സേനയിൽ കയറിപ്പറ്റി. അങ്ങനെ ഏറെ നാളത്തെ കഠിനാധ്വാനത്തിന് ശേഷം മൻദീപ് ന്യൂസിലാൻഡ് പൊലീസ് സേനയുടെ ഭാഗമായി. ഇപ്പോഴിതാ പൊലീസ് സേനയിലെ സീനിയർ സർജന്റ് എന്ന നിലയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച 52 കാരിയായ മൻദീപ് കൗറിന് അഭിനന്ദന പ്രവാഹങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights: taxi driver to new zealand cop