കളം നിറഞ്ഞാടി ടൊവിനോ; തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ‘കള’
ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രമാണ് കള. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് ഒരുക്കിയ പുതിയ ചിത്രം സിനിമ പ്രേമികൾക്ക് വേറിട്ട കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പറയുന്നത്. കുടുംബ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അച്ഛനും മകനും മകന്റെ ഭാര്യയും കുട്ടിയും അവരുടെ വളർത്തുനായയും ഉൾക്കൊള്ളുന്ന കുടുംബത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.
ടൊവിനോ തോമസിന്റെ ഷാജി എന്ന കഥാപാത്രം ടൊവിനോയുടെ ഇതുവരെയുള്ള സിനിമ ജീവിതത്തിൽ നിന്ന് തികച്ചും വേറിട്ട് നിൽക്കുന്ന കഥാപാത്രമാണ്. ചിത്രത്തിൽ ഇരട്ടസ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയായി മികച്ച അഭിനയമാണ് ടൊവിനോ കാഴ്ചവയ്ക്കുന്നത്. ടൊവിനോയുടെ പിതാവായി വേഷമിടുന്ന ലാലും ഭാര്യയായി എത്തുന്ന ദിവ്യ പിള്ളയും അവരുടെ കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്.
മനുഷ്യനും വളർത്തുമൃഗവും തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം ചിത്രത്തിൽ പ്രകടമാകുന്നുണ്ട്. സംഘട്ടന രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തികച്ചും റിയലിസ്റ്റിക് രീതിയിലാണ് സംഘട്ടന രംഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത് എന്നതും ചിത്രത്തിന് പ്രേക്ഷരുടെ കൈയടി നേടികൊടുക്കുന്നുണ്ട്. ഭയവും ആകാംഷയും മിന്നിമറയുന്ന ചിത്രത്തിൽ കാടിന്റെ വന്യതയും മനുഷ്യന്റെ വാശിയും സിനിമയുടെ മൂഡിന് തികച്ചും ചേരുന്നുണ്ട്.
മികച്ച അഭിനയവും സംവിധായക മികവും അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ഡോൺ വിൽസന്റിന്റെ പശ്ചാത്തല സംഗീതവും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ചിത്രത്തെ കൂടുതൽ വ്യത്യസ്തമാക്കുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്നാണ് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനുഷ്യനും പ്രകൃതിയും മുഖ്യപ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം മികച്ച സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്.
Story Highlights:tovino thomas staring kala