സിനിമയില്‍ സെഞ്ചുറി; ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയനായി’ സൈജു കുറുപ്പ്
സൈജു കുറുപ്പ് ടൈറ്റില്‍ കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൈജു കുറുപ്പിന്റെ സിനിമാ കരിയറിലെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
അരുണ്‍ വൈഗയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്റേതാണ് ചിത്രത്തിന്റെ കഥയും. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
രാജേഷ് വര്‍മ്മ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നു. സൈജു കുറുപ്പിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
അതേസമയം 2005-ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ സംവിധാനം നിര്‍വഹിച്ച ‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് താരം അരങ്ങേറ്റംകുറിയ്ക്കുന്നത്. ബാബകല്യാണി, ചോക്ലേറ്റ്, മുല്ല, ട്രിവാന്‍ഡ്രം ലോഡ്ജ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ സൈജു കുറുപ്പ് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി.
ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന സൈജു കുറുപ്പിന്റെ കഥാപാത്രം വെള്ളിത്തിരയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
Story highlights: Upacharapoorvam Gunda Jayan first look poster