70-ാം വയസ്സിലും അമ്മയായി; ഇത് ലോകത്തിലെ ഏറ്റവും പ്രായമായ കടല്‍പക്ഷി
കൗതുകങ്ങള്‍ ഏറെയുണ്ട് ഭൂമിയിലെ പല ജീവജാലങ്ങളിലും. സൈബര്‍ ഇടങ്ങളില്‍ പോലും പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി ചില പക്ഷികളും മൃഗങ്ങളുമൊക്കെ ശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശ്രദ്ധ നേടുന്നതും ഒരു പക്ഷിയുടെ വിശേഷങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രായമേറിയ കടല്‍പ്പക്ഷി എന്നു കരുതപ്പെടുന്ന പക്ഷിയുടേതാണ് ഈ വിശേഷങ്ങളൊക്കേയും.
വിസ്ഡം എന്നാണ് ഈ കടല്‍പക്ഷിയുടെ പേര്. ആല്‍ബട്രോസ് പക്ഷിയാണ് ഇത്. വിസ്ഡം വീണ്ടും അമ്മയായതോടെയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇതില്‍ എന്താണ് ഇത്ര കൗതുകം എന്ന് ചോദിയ്ക്കാന്‍ വരട്ടെ. വിസ്ഡം പക്ഷിക്ക് പ്രായം എഴുപതായി. അടുത്തിടെ മുട്ട വിരിഞ്ഞുണ്ടായത് ഈ പക്ഷിയുടെ നാല്പതാമത്തെ കുഞ്ഞും. ഈ സവിശേഷതകള്ക്കൊണ്ടാണ് വിസ്ഡം എന്ന പക്ഷി വീണ്ടും സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞത്.
ഹവായിക്ക് സമീപത്തുള്ള മിഡ്വേ അറ്റോള്‍ എന്ന ദ്വീപിലെ സംരക്ഷണ കേന്ദ്രത്തിലാണ് വിസ്ഡം എന്ന ആല്‍ബട്രോസ് പക്ഷിയുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1956-ല്‍ അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതാണ് ഈ ആല്‍ബട്രോസ് പക്ഷിയെ. കടല്പക്ഷികളില് വെച്ച് ഏറ്റവും വലുതും ആല്‍ബട്രോസ് പക്ഷികളാണ്. ശാസ്ത്രജ്ഞര്‍ കണ്ടെത്തിയപ്പോള്‍ അഞ്ച് വയസ്സായിരുന്നു ഈ പക്ഷിയുടെ പ്രായം. വിസ്ഡം എന്ന് ശാസ്ത്രജ്ഞര്‍ പക്ഷിയ്ക്ക് പേരും നല്കി.
Read more: കളർ ചോക്കും കരിപച്ചിലയുംകൊണ്ട് മതിലുകളിൽ മനോഹര ചിത്രങ്ങൾ വിരിയിച്ച അത്ഭുതകലാകാരൻ സദാനന്ദൻ…
സാധാരണ ഗതിയില്‍ ആല്‍ബട്രോസ് പക്ഷികള്‍ക്ക് ഒരു ഇണ മാത്രമാണ് ഉണ്ടാവുക. എന്നാല്‍ വിസ്ഡത്തിന് ആയുര്‍ദൈര്‍ഘ്യം കൂടുതലായതിനാല്‍ 2010-ല്‍ അകികാമെയ് എന്ന ഒരു ആണ് ആല്‍ബട്രോസും വിസ്ഡത്തിന് കൂട്ടായി. പൊതുവെ 40 വര്‍ഷക്കാലത്തോളമാണ് ആല്‍ബട്രോസ് പക്ഷികള്‍ ജീവിയ്ക്കുന്നത്. എന്നാല്‍ വിസ്ഡം നാല്‍പ്പതും കഴിഞ്ഞ് എഴുപതില്‍ എത്തിനില്‍ക്കുന്നു.
കഥകളിലും നോവലുകളിലും പോലും ആല്‍ബട്രോസ് പക്ഷികള്‍ ഇടം നേടിയിട്ടുണ്ട്. ആല്‍ബട്രോസ് പക്ഷികളുടെ ഉപവിഭാഗമായ ലെയ്സാന്‍ എന്ന ഗണത്തില്‍ പെടുന്ന കടല്‍പക്ഷിയാണ് വിസ്ഡം. വടക്കന്‍ ശാന്തസമുദ്ര മേഖലകളിലാണ് സാധാരണയായി ലെയ്സാന്‍ ആല്‍ബട്രോസുകളെ കണ്ടുവരാരുള്ളുത്. ആല്‍ബട്രോസുകള്‍ ഒരു വര്‍ഷത്തില്‍ ഒരു മുട്ടയാണ് ഇടാറുള്ളത്. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞിനെ ആണ്‍പക്ഷിയും അമ്മപക്ഷിയും ചേര്‍ന്നാണ് വളര്ത്താറുള്ളതും.
Story highlights: World’s oldest known wild bird hatches new chick at age 70