അനുഗ്രഹീതനാണ് ഈ ആന്റണി; വിഷുക്കാലം ആഘോഷമാക്കാൻ ഒരു ഫീൽ ഗുഡ് ചിത്രം-റിവ്യൂ
കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ സജീവമാകുമ്പോൾ വിഷുവിനോട് അനുബന്ധിച്ച് നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. വേനലിൽ ഒരു മഴയെന്ന പോലെ മലയാളത്തിൽ വരാനിരിക്കുന്ന ത്രില്ലർ ചിത്രങ്ങൾക്കിടയിൽ മനസ് നിറയ്ക്കുകയാണ് ഫീൽ ഗുഡ് സമ്മാനിച്ച് അനുഗ്രഹീതൻ ആന്റണി. ഈ വിഷുക്കാലം കുടുംബ പ്രേക്ഷകർ തീർച്ചയായും അനുഗ്രഹീതൻ ആന്റണിക്കൊപ്പം ആഘോഷിക്കുമെന്നതിൽ സംശയമില്ല.
സഹസംവിധായകനായി സിനിമാലോകത്തേക്ക് എത്തിയ പ്രിൻസ് ജോയ് സംവിധാനത്തിലേക്ക് ചുവടുവെച്ചപ്പോൾ ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് വേണം പറയാൻ. കാരണം, പൊതുവെ മലയാള സിനിമയിൽ മൃഗവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം ചർച്ചയാകുന്ന സിനിമകൾ മുൻപ് വന്നിട്ടില്ല. ഹോളിവുഡ് സിനിമകളിൽ കണ്ടു ശീലിച്ചിട്ടുള്ള ആ പ്രമേയത്തെ മലയാളത്തിൽ ആവിഷ്കരിക്കുമ്പോൾ പ്രിൻസ് എന്ന നവാഗത സംവിധായകന്റെ പ്രയത്നം ചെറുതല്ല. ചിത്രത്തിൽ മനുഷ്യർക്കൊപ്പം പ്രധാന അഭിനേതാക്കളാണ് നായകളും. അവയെ സ്‌ക്രീനിന് മുന്നിൽ കഥാഗതിക്കനുസരിച്ച് എത്തിച്ച സംവിധായകൻ തീർച്ചയായും കൈയടി അർഹിക്കുന്നു.
ഗ്രാമീണാന്തരീക്ഷത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ചെറിയ ലോകത്തിന്റെ കഥയാണ് പറയുന്നത്. ആന്റണിയും അയാളുടെ നാടും കാമുകിയുമൊക്കെ ചേർന്നുള്ള ഒരു കൊച്ചു ലോകം. അവിടേക്ക് രണ്ടു നായകൾ കൂടി എത്തുന്നതോടെ കഥാഗതി മാറുകയാണ്. മനുഷ്യനും നായയും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് സിനിമ കാഴ്ചവയ്ക്കുന്നത്. മനോഹരമെന്നു മാത്രമല്ല, മനസിൽ തൊടുന്ന ഒട്ടേറെ രംഗങ്ങളും അനുഗ്രഹീതൻ ആന്റണി സമ്മാനിക്കുന്നു. ആന്റണിയായി സണ്ണി വെയ്ൻ എത്തുമ്പോൾ ഒരു നടനെന്ന നിലയിൽ സണ്ണിയുടെ ‘കരിയർ ബെസ്റ്റ്’ ആണ് ആന്റണി എന്ന കഥാപാത്രം. ഇന്ദ്രൻസ് അവതരിപ്പിക്കുന്ന മാധവൻ എന്ന കഥാപാത്രത്തിന്റെ മകളായി വേഷമിട്ടുകൊണ്ട് ഗൗരി ജി കിഷനും അഭിനയത്തിന്റെ മനോഹര മുഹൂർത്തങ്ങൾ കാഴ്ചവയ്ക്കുന്നു.
സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ബൈജു, മാല പാർവതി, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ എന്നിവരെല്ലാം മികച്ചു നിന്നു. പ്രണയവും ദുഃഖവും ഒരുപോലെ ഇഴചേർത്ത് ഒരു മനോഹര കാഴ്ചാനുഭവം തന്നെയാണ് അനുഗ്രഹീതൻ ആന്റണി സമ്മാനിക്കുന്നത്. ഗ്രാമ പശ്ചാത്തലത്തിലുള്ള കഥാഗതി മലയാളത്തിന്റെ എൺപതുകളിലെ ഒട്ടേറ ചിത്രങ്ങളുടെ ഗൃഹാതുരത സമ്മാനിക്കും എന്നുറപ്പാണ്. അതേസമയം, പാട്ടുകൾക്ക് അനുഗ്രഹീതൻ ആന്റണിയിൽ വളരെയധികം പ്രാധാന്യമുണ്ട്. ചിത്രത്തിലെ ‘കാമിനി’ എന്ന ഗാനം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
കാഴ്ചക്കാർക്ക് ബോറടിക്കാതെ മനസു നിറച്ച് പുറത്തിറങ്ങാവുന്ന ഒരു മികച്ച ഫീൽ ഗുഡ് ചിത്രം തന്നെയാണ് അനുഗ്രഹീതൻ ആന്റണി. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് ആണ് നിർമാണം.ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്.
Read More: ‘ദളപതി 65’ൽ പൂജ ഹെഗ്ഡെയ്ക്ക് ഒപ്പം നായികയായി മലയാളത്തിൽ നിന്നും അപർണ ദാസ്
സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്.
Story highlights- anugraheethan antony review