ഹൃദയംതൊട്ട് 916 പൊൻതിളക്കമാർന്ന ഭീമയുടെ പുതിയ പരസ്യം- വിഡിയോ
കാലങ്ങളായി മലയാളികളുടെ സ്വർണ സ്വപ്നങ്ങൾക്ക് തിളക്കമേകുന്ന ജ്വല്ലറിയാണ് ഭീമ. ‘പെണ്ണായാൽ പൊന്നുവേണം, പൊന്നിൻകുടമായിടേണം..’ എന്ന ഭീമയുടെ പരസ്യഗാനം ഏറ്റുപാടി നടന്ന ഒരു തലമുറയുമുണ്ട്. എന്നാൽ, ആ വരികളിൽ നിന്നും ഭീമ ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിച്ച കാഴ്ചയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാണാൻ സാധിക്കുന്നത്. സ്വർണ്ണത്തിന്റെ 916 പൊൻതിളക്കം ഭീമയുടെ പുതിയ പരസ്യത്തിൽ നിറയുകയാണ്.
സ്വർണത്തിന്റെ പരസ്യമാണെങ്കിലും അതിലൂടെ പങ്കുവയ്ക്കുന്ന ആശയം വളരെ വലുതാണ്. കാരണം, ഒരു ട്രാൻസ്ജെൻഡർ വ്യക്തിയുടെ പരിണാമമാണ് മനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെ ഭീമ പുതിയ പരസ്യത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ‘pure as love’ എന്ന പേരിൽ എത്തിയ പരസ്യം അത്രയും സംശുദ്ധമായ അനുഭൂതിയാണ് കാഴ്ചക്കാരിലേക്കും എത്തുന്നത്.
പുരുഷ ശരീരത്തിൽ കുടുങ്ങിക്കിടന്ന പെൺമനസിന് ഒരു സ്വർണ കൊലുസ് സമ്മാനിച്ച് കുടുംബം ആ വ്യക്തിയുടെ ഒപ്പം നില്കുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. ശാരീരികമായ ഓരോ പരിവർത്തനത്തിനു അച്ഛനും അമ്മയും അത്രയും സ്നേഹത്തോടെ കൂടെ നില്കുന്നു. ഒടുവിൽ പൊന്നണിഞ്ഞ് അവനിൽ നിന്നും അവളായി വിവാഹ പന്തലിലേക്ക് മാതാപിതാക്കളുടെ അകമ്പടിയോടെ അവർ കടന്നു വരുന്ന കാഴ്ച ഭീമ എത്രത്തോളം പുരോഗമനപരമായി ചിന്തിച്ചു എന്നതിന്റെ നേർക്കാഴ്ച്ചയാണ്.
Read More: സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ സി സി ടി വി ദൃശ്യത്തിലെ താരങ്ങൾ ദേ, ഇവിടുണ്ട്- വിഡിയോ
എങ്കിലും, കേവലം പരസ്യത്തിനായി ഒരാളെ അഭിനയിപ്പിച്ചതാകുമോ എന്ന ചോദ്യങ്ങൾക്ക് മുന്നിലാണ് ഭീമ വ്യത്യസ്തമാകുന്നത്. മീര സാംഘിയ എന്ന ട്രാൻസ് വുമൺ ആണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. ഭാരത് സിക്ക സംവിധാനം നിര്‍വഹിച്ച പരസ്യചിത്രം തയാറാക്കിയിരിക്കുന്നത് ദില്ലിയിലെ ആനിമല്‍ എന്ന ഏജന്‍സിയാണ്. ചിന്തകളും, നമ്മളും, സമൂഹവുമെല്ലാം മാറി ചിന്തിക്കുന്നതിന്റെ മനോഹരമായ സൂചനയാണ് ഭീമ ഈ പരസ്യത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
Story highlights- bhima jewelers heart touching advertisement