വിവാഹ ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാം; ഷോപ്പിം​ഗ് മാളുകളും തിയേറ്ററുകളും അടയ്ക്കും

April 26, 2021
Covid 19 - Strict regulations in Kochi

കൊവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ. വിവാഹ ചടങ്ങുകളിൽ ഇനി 50 പേർക്കാണ് പങ്കെടുക്കാൻ അനുവാദം. മുൻപ് ഇത് 75 പേരായിരുന്നു. മരണാനന്തര ചടങ്ങുകളിൽ 20 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക. അതേസമയം, വവവാഹം, ​ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കൊവിഡ് ജാ​ഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സിനിമാ തിയേറ്റർ, ഷോപ്പിം​ഗ് മാൾ, ക്ലബ്, ജിംനേഷ്യം, ബാറുകൾ, സ്പോർട്ട്സ് കോംപ്ലക്സ്, വിദേശ മദ്യ ഷോപ്പുകൾ, പാർക്കുകൾ എന്നിവ തത്കാലം വേണ്ടെന്നു വയ്ക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല, ആരാധനാലയങ്ങളിലും കർശന നിയന്ത്രണം നടപ്പാക്കും. റമദാൻ ചടങ്ങുകളിൽ പള്ളികളിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി ചുരുക്കി. ചെറിയ പള്ളികളിൽ വീണ്ടും ആളുകളുടെ എണ്ണം കുറയ്ക്കണം. നമസ്കരിക്കാനായി സ്വന്തമായി പായയും കൊണ്ടുപോകണം.

ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പകരം പൈപ്പ് വെള്ളം ഉപയോ​ഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നത് ഒഴിവാക്കണം. സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരെ പരമാവധി ചുരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളും റസ്റ്റോറന്റുകളും 7.30 വരെ പ്രവർത്തിക്കാം. റസ്റ്റോറന്റുകളിൽ പാഴ്സൽ 9 മണി വരെ നൽകാം.

Story highlights- covid-19 new instructions kerala