കൊവിഡ് നിയന്ത്രണങ്ങള്‍ കേരളത്തില്‍ ശക്തമാക്കുന്നു; നാളെ മുതല്‍ പൊലീസ് പരിശോധനകളും കടുപ്പിക്കും
ഒരു വര്‍ഷത്തിലേറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കേരളത്തിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ നാളെ മുതല്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
നാളെ മുതല്‍ പൊലീസ് പരിശോധനയും സംസ്ഥാനത്ത് കൂടുതല്‍ കടുപ്പിക്കും. മാസ്ക്, സമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലും കൊവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്.
അതേസമയം കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4710 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1955 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. നിലവില്‍ 31,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
Story highlights: Covid restrictions to be intensified in Kerala