മിലിട്ടറി പോലീസിൽ ചരിത്രം കുറിച്ച് വനിതകൾ; ആദ്യവനിതകളിൽ ആറുപേർ മലയാളികൾ
രാജ്യത്ത് ആദ്യമായി മിലിട്ടറി പോലീസിലേക്ക് വനിതകൾ ചുവടുവയ്ക്കുകയാണ്. ചരിത്രം തിരുത്തിക്കുറിച്ച് ട്രെയിനിങ് പൂർത്തിയാക്കി മെയ് മാസത്തിൽ ഇന്ത്യൻ ആർമിയിലേക്ക് എത്തുന്നത് നൂറു പെൺകരുത്തുകളാണ്. അതിൽ ആറു മലയാളികൾ ഉണ്ടെന്നതും വളരെ ശ്രദ്ധേയമാണ്. 19 നും 22 നും ഇടയിൽ പ്രായമുള്ള വനിതകളാണ് ആദ്യ ബാച്ചിലുള്ളത്. രാജ്യത്തുടനീളമുള്ള രണ്ട് ലക്ഷം അപേക്ഷകരിൽ നിന്നും മികച്ച 100 പേരെയാണ് തിരഞ്ഞെടുത്തത്.
നാഷണൽ കേഡറ്റ് കോർപ്സിൽ (എൻസിസി) അംഗങ്ങളായ 21 പേർ ബിരുദധാരികളും 51 പേർക്ക് സൈനിക സംവിധാനത്തിൽ പരിചയവുമുള്ളവരാണെന്നുമാണ് കരസേനയിൽ നിന്നുള്ള വിവരങ്ങൾ. എസ് എസ് എൽ സി പരീക്ഷയിൽ കട്ട്ഓഫ് മാർക്ക് 86 ശതമാനമാണെങ്കിലും ടോപ്പ് സ്കോറർമാരെ മാത്രമേ ആദ്യ ബാച്ചിനായി പരിഗണിച്ചിട്ടുള്ളു. ഉത്തർപ്രദേശിൽ നിന്നുള്ള 27 പേർ, ഹരിയാനയിൽ നിന്ന് 26 പേർ, കർണാടകയിൽ നിന്ന് എട്ട്, കേരളത്തിൽ നിന്ന് ആറ്, ഹിമാചൽ പ്രദേശ്, അസം എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരാൾ വീതം, എന്നിങ്ങനെയാണ് ഇന്ത്യൻ ആർമിയിലേക്ക് എത്തിയ സ്ത്രീകളുടെ കണക്ക്.
ട്രെയിനിങ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ജൂലിയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. മായാ സജീഷ് (കല്‍പ്പാത്തി), ടി. വിസ്മയ (എടപ്പാള്‍), എ. മാളു, ജനിക എസ്. ജയന്‍ (കരുനാഗപ്പള്ളി൦, പി.എസ്. അര്‍ച്ചന (തിരുവനന്തപുരം), എസ്.ആര്‍. ഗൗരി (വെഞ്ഞാറമ്മൂട്) എന്നിവരാണ് മലയാളികൾ.
വളരെ സാധാരണ പശ്ചാത്തലത്തിലുള്ള പെൺകുട്ടികളാണ് മിലിറ്ററി പോലീസിലെ ആദ്യ ബാച്ചിൽ ഉള്ളത്. പലരും കുടുംബത്തിന്റെ തുണയാണ്. കാർഷിക പശ്ചാത്തലങ്ങളിൽ നിന്നും താഴ്ന്ന സാമ്പത്തിക തലങ്ങളിൽ നിന്നുമുള്ളവരാണ് പലരും.
കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം എന്നിവയ്ക്ക് മുൻതൂക്കം നല്കണം എന്നാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. കുറ്റകൃത്യങ്ങൾ അന്വേഷിക്കുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, കരസേനാ ഉദ്യോഗസ്ഥർക്ക് സഹായങ്ങൾ നൽകുക എന്നിവയൊക്കെയാണ് ഇവരുടെ ചുമതലകൾ. യുദ്ധസമയത്താണ് ഇവരിടെ സാന്നിധ്യം കൂടുതൽ ആവശ്യമുള്ളത്.
Story highlights- first batch of women military police gears up to join Indian Army