ലോക റെക്കോർഡ് നേടിയ നീളൻ മുടി 12 വർഷങ്ങൾക്ക് ശേഷം മുറിച്ച് ഉടമ- വിഡിയോ

ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമ എന്ന ഗിന്നസ് റെക്കോർഡ് ഗുജറാത്ത് സ്വദേശിനി നീലാൻഷി പട്ടേലാണ് 12 വർഷങ്ങൾക്ക് മുൻപ് സ്വന്തമാക്കിയത്. റെക്കോർഡ് നേടുന്ന സമയത്ത് 170.5 സെന്റിമീറ്ററാണ് മുടിയുടെ നീളം. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം റെക്കോർഡിന് അർഹയാക്കിയ മുടി നീലാൻഷി വെട്ടിയിരിക്കുകയാണ്. 2020 ജൂലൈയിൽ മുടിയുടെ നീളം അളന്നപ്പോൾ 200 സെന്റിമീറ്റർ ആയിരുന്നു.

പതിനെട്ടുകാരിയായ നീലാൻഷി ഇൻസ്റ്റഗ്രാമിലൂടെയാണ് മുടി മുറിക്കുന്ന വിഡിയോ പങ്കുവെച്ചത്. ‘ഞാൻ വളരെ ആവേശത്തിലും അൽപ്പം അസ്വസ്‌ഥതയിലുമാണ്, കാരണം പുതിയ ഹെയർ സ്റ്റൈലിൽ ഞാൻ എങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം, പക്ഷേ ഇത് അതിശയകരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് നീലാൻഷി മുടി മുറിക്കുന്നത്.

ഒട്ടേറെ സൗഭാഗ്യങ്ങൾ കൊണ്ടുവന്ന മുടിയാണിതെന്നും ഇപ്പോൾ അത് മുറിക്കാൻ സമയമായി എന്നും പറഞ്ഞുകൊണ്ട് മുടിയിൽ ചുംബിച്ചുകൊണ്ടാണ് വിടപറയുന്നത്. ആറാമത്തെ വയസിലാണ് ഏറ്റവും ഒടുവിൽ നീലാൻഷി മുടി മുറിച്ചത്. വെട്ടിയ മുടി ഗിന്നസ് റെക്കോർഡിൽ എത്തിയതായതുകൊണ്ട് മ്യൂസിയത്തിൽ സൂക്ഷിക്കാനാണ് നീലാൻഷി ഉദ്ദേശിക്കുന്നത്.

Story highlights- Guinness record holder neelanshi patel cuts her hair