ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടര്ന്നാല് മുടികൊഴിച്ചിലും കുറയും
തലമുടി കൊഴിച്ചില്‍ ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. പലവിധ കാരണങ്ങള്‍ക്കൊണ്ട് മുടി കൊഴിച്ചിലുണ്ടാകും. മരുന്നുകളുടേയും മറ്റും പാര്‍ശ്വഫലങ്ങള്‍, ടെന്‍ഷന്‍, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയൊക്കെ മുടി കൊഴിയാന്‍ പലപ്പോഴും കാരണമാകാറുണ്ട്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ മുടികൊഴിച്ചിലിന് ഒരുപരിധി വരെ പരിഹാരം കാണാന്‍ സാധിക്കുന്നു.
മുടികൊഴിച്ചില്‍ കൂടുതലുള്ളവര്‍ പ്രോട്ടീനും പോഷകങ്ങളും ധാരളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. അത്തരം ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം. മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രത്യേകിച്ച് മുട്ടയുടെ വെള്ള. പ്രോട്ടീനാല്‍ സമ്പന്നമായ മുട്ടയുടെ വെള്ള മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
അതുപോലെതന്നെ കറിവേപ്പിലയും മുടിയുടെ സംരക്ഷണത്തിന് നല്ലതാണ്. പലരും കറികളില്‍ നിന്നും മറ്റും കറിവേപ്പില മാറ്റിവയ്ക്കാറാണ് പതിവ്. എന്നാല്‍ കറിവേപ്പില കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നെല്ലിക്കയും ഡയറ്റില്‍ ഇള്പ്പെടുത്തുന്നത് തലമുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
ഇലക്കറികളും ഡയറ്റിന്റെ ഭാഗമാക്കാം. ഇരുമ്പ്, വിറ്റാമിന്‍ കെ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന ഇലക്കറികള്‍ മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. പയറു വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പോഷക സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. അതുകൊണ്ടുതന്നെ ഇവ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Story highlights: Healthy diet plan for reduce hair fall