അന്ന് സ്വന്തം മുഖത്തെ വെറുത്തു; ഇന്ന് ആ മുഖം അനേകര്‍ക്ക് പ്രചോദനം: വെള്ളപ്പാണ്ടിനെ ചിരിച്ച് തോല്പിച്ച് മോഡലായ പെണ്‍കുട്ടി
ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് പ്രചോദനമേകുന്നവര്‍. ജീവിതത്തിലെ വെല്ലുവിളികളെ ചിരിയോടെ നേരിട്ട് അവര്‍ നേടിയെടുക്കുന്ന വിജയകഥകള്‍ പലപ്പോഴും മനസ്സ് നിറയ്ക്കും. പ്രാര്‍ത്ഥനാ ജഗന് എന്ന യുവതിയുടെ ജീവിതവും അനേകര്‍ക്ക് പ്രചോദനമാണ്. മുഖത്ത് ചെറിയൊരു പാട് വീഴുമ്പോള്‍ പോലും സ്വയം തകര്‍ന്ന് അപകര്‍ഷതാബോധവും പേറി ജീവിക്കുന്നവരെ ഉള്ളു തുറന്ന് ചിരിക്കാന്‍ പഠിപ്പിക്കുകയാണ് ഈ മിടുക്കിയുടെ ജീവിതം.
ബംഗളൂരു സ്വദേശിനിയാണ് പ്രാര്‍ത്ഥന ജഗന്. ‘എല്ലേ ഇന്ത്യ’ യുടെ കവര്‍ മോഡലായാണ് പലര്‍ക്കും പ്രാര്‍ത്ഥനയെ പരിചയം. എന്നാല്‍ ഒരു മാസികയുടെ മുഖചിത്രമായി പ്രാര്‍ത്ഥന മാറിയപ്പോള്‍ ഏറെ പറയാനുണ്ട് ഏറെ ആ മുഖത്തെക്കുറിച്ച്, ആ ജീവിതത്തെക്കുറിച്ച്…
ഇരുപത്തിരണ്ട് വയസ്സുകാരിയാണ് പ്രാര്‍ത്ഥന. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം ആ പെണ്‍കുട്ടിയുടെ മുഖത്ത് വെള്ള നിറത്തിലുള്ള ഒരു പാട് പ്രത്യക്ഷപ്പെട്ടു. അന്ന് പതിനൊന്ന് വയസ്സായിരുന്നു പ്രാര്‍ത്ഥനയുടെ പ്രായം. പാട് വലുതായി തുടങ്ങിയപ്പോള്‍ ഒരു ചര്‍മ്മരോഗ വിദഗ്ധനെ കണ്ടു. അണുബാധയാണെന്നായിരുന്നു ഡോക്ടര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത് വെള്ളപ്പാണ്ട് (Vitiligo എന്ന രോഗാവസ്ഥയാണെന്ന് തിരിച്ചറിഞ്ഞു.
ഏറെ വേദനിപ്പിക്കുന്ന ദിവസങ്ങളായിരുന്നു പിന്നീട് പ്രാര്‍ത്ഥനയുടെ ജീവിതത്തില്‍. സ്കൂളില്‍ പോകുമ്പോള്‍ പോലും പരിഹാസമായിരുന്നു പലരുടേയും മുഖത്ത്. വെള്ളപ്പാണ്ട് മറയ്ക്കാന്‍ ഏഴാം ക്ലാസ് മുതല്‍ മുഖത്ത് മേക്കപ്പും ചെയ്തുതുടങ്ങി പ്രാര്‍ത്ഥന. എന്നാല്‍ മുഖമൊന്നു വിയര്‍ത്തു കഴിയുമ്പോഴേക്കും മേക്കപ്പ് എല്ലാം പോകും. വീണ്ടും കളിയാക്കലുകള്‍. സ്കൂള്‍ പഠനം കഴിഞ്ഞ് കോളജിലേക്ക് എത്തിയപ്പോഴേക്കും പ്രാര്‍ത്ഥന സംസാരമെല്ലാം കുറച്ചു. ഉള്ളു നിറയെ എപ്പോഴും മുഖത്തെക്കുറിച്ചുള്ള ചിന്ത മാത്രം.
ഇതിനിടയില്‍ ചില ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് പ്രാര്‍ത്ഥന ആശുപത്രിയിലായി. ആശുപത്രിയില്‍ ഉള്ളവര്‍ തന്റെ മുഖത്തെക്കുറിച്ച് എന്ത് കരുതും എന്നായിരുന്ന മനസ്സിലെ ചിന്ത. എന്നാല്‍ അവിടെയാരും പ്രാര്‍ത്ഥനയുടെ മുഖത്തെ ശ്രദ്ധിച്ചതുപോലും ഇല്ല. ഒരു വേര്‍തിരിവും കാണിച്ചതുമില്ല. ചികിത്സയ്ക്ക് ശേഷം കോളജിലേക്ക് പോയപ്പോള്‍ അല്പം ആത്മവിശ്വാസമൊക്കെയായി. മേക്കപ്പില്ലാതെയാണ് കോളജില്‍ പോയത്. എല്ലാവരും പഴയതുപോലെതന്നെ സംസാരിച്ചു, മാറ്റിനിര്‍ത്തലുകള്‍ ഇല്ലാതെ. ആയിടക്കാണ് ഫില്‍ട്ടറുകളില്ലാതെ ഒരു ഫോട്ടോ ആദ്യമായി പ്രാര്‍ത്ഥന സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് പോലും.
സുന്ദരിയാണ് എന്ന് പലരും നല്കിയ കമന്റ് ഇന്നും പ്രാര്‍ത്ഥന ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു. പിന്നീടാണ് ഒരു ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പ്രാര്‍ത്ഥനയെ സമീപിച്ചതും അങ്ങനെ മാഗസീന്റെ മുഖചിത്രമായി ആ മുഖം മാറിയതും. ചെറുപ്പത്തില്‍ മോഡലിങ്ങ് സ്വപ്നം കണ്ട ആ പെണ്‍കുട്ടി ഇന്ന് അറിയപ്പെടുന്ന മോഡലായി മാറിയിരിക്കുകയാണ്. ജീവിതത്തിലെ വെല്ലുവിളികളേയെല്ലാം ചിരിച്ചുകൊണ്ട് അതിജീവിച്ച് പ്രാര്‍ത്ഥന മുന്നേറുന്നു, പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു….
Story highlights: Inspirational story of Prarthana Jagan