ആജീവനാന്ത സമ്പാദ്യമായ രണ്ടു ലക്ഷം രൂപ വാക്‌സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി മാതൃകയായി ബീഡി തൊഴിലാളി

April 27, 2021

കേരളത്തിന്റെ കൊവിഡ് വാക്സിൻ ചലഞ്ച് ഏറ്റെടുക്കുകയാണ് ജനങ്ങൾ. പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും, സിനിമ- സാംസ്‌കാരിക താരങ്ങളും വാക്സിൻ ചലഞ്ചിന്റെ ഭാഗമാകുമ്പോൾ ഹൃദയം തൊടുന്നത് സാധാരണക്കാരായവരും ഈ സംരംഭത്തിൽ പങ്കാളികളാകുന്നതാണ്. ഇപ്പോഴിതാ, കണ്ണൂർ സ്വദേശി ജനാർദ്ദനനാണ് സമൂഹമാധ്യമങ്ങളിൽ വാക്സിൻ ചലഞ്ചിന്റെ ഭാഗമായതിലൂടെ ശ്രദ്ധേയനാകുന്നത്.

ഒരു സാധാരണ ബീഡി തൊഴിലാളിയായ ജനാർദ്ദനൻ തന്റെ ആകെ സമ്പാദ്യമായ രണ്ടു ലക്ഷം രൂപയാണ് വാക്സിൻ ചലഞ്ചിനായി സംഭാവന ചെയ്തത്. അക്കൗണ്ടിലുള്ള മുഴുവൻ തുകയും സംഭാവന തുകയായി നൽകാൻ ബാങ്കിൽ എത്തിയപ്പോൾ ബാങ്ക് ജീവനക്കാരാണ് ജനാർദ്ദനനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.

ചെറിയ വരുമാനമുള്ള തൊഴിലാണ് ചെയ്തുകൊണ്ടിരിക്കുന്നതെങ്കിലും കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്കു പാലിക്കാന്‍ വേണ്ടിയാണ് ജനാർദ്ദനന്‍ തന്റെ സമ്പാദ്യം മുഴുവന്‍ വാക്‌സിന്‍ ചലഞ്ചിലൂടെ നല്‍കിയത്. അതേസമയം, ജനാർദ്ദനൻ ഒരു വികലാംഗനാണ്. ഇടത് ചെവിക്ക് കേൾവി ശക്തിയില്ല. കൊവിഡ് സാഹചര്യത്തിൽ എല്ലാവരും ഇടുങ്ങിയ ചിന്താഗതി മാറ്റിവെച്ച് പ്രവർത്തിക്കണം എന്ന് അദ്ദേഹം പറയുന്നു.

Read More: ‘കറുകറെ കാർമുകിൽ..’- ലാസ്യ ചുവടുകളുമായി അനു സിതാര; വിഡിയോ

36 വർഷമായി ബീഡി തൊഴിലാളിയായി ജോലി ചെയ്ത ഇദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ വർഷമാണ് മരണമടഞ്ഞത്. മരിച്ച ഭാര്യയുടെ ഗ്രാറ്റിവിറ്റിയും സ്വന്തം സമ്പാദ്യവും ചേർത്താണ് ജനാർദ്ദനൻ സംഭാവന ചെയ്തത്. കേരളത്തിൽ കഴിവും സമ്പത്തുമുള്ള ജനങ്ങളാണ് ഉള്ളത്. നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നാൽ വാക്‌സിന്റെ പ്രതിസന്ധി നമുക്ക് ഒരുമിച്ച് നേരിടാമെന്നും ജനാർദ്ദനൻ പറയുന്നു.

Story highlights- jananrdhanan vaccine challenge