അഞ്ചാം ക്ലാസ്സിൽ പഠനം അവസാനിച്ചു; ഇന്ന് ലക്ഷകണക്കിന് വരുമാനമുള്ള ഗിന്നസ് റെക്കോർഡ് ഉടമ- ചൈനയിലെ ഗ്രാമീണ ജീവിതത്തിലൂടെ പ്രസിദ്ധയായ ലി സികിയുടെ കഥ

April 6, 2021

സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ളവർക്ക് സുപരിചിതയാണ് ലി സികി എന്ന ചൈനീസ് വ്ലോഗർ. മറ്റു യൂട്യൂബ് ചാനലുകൾ പോലെ വാതോരാതെയുള്ള സംസാരമോ ഒന്നുമില്ല. ചൈനയിലെ പച്ചയായ ഗ്രാമീണ ജീവിതം പങ്കുവെച്ച് ഹൃദയം കീഴടക്കിയ യുവതിയാണ് ലി സികി. പ്രേക്ഷകരോട് ഒന്നും തന്നെ സംവദിക്കുന്നില്ല.. എന്താണോ ഒരു ദിവസം നടക്കുന്നത് അത് അതേപടി പകർത്തിയിരിക്കുന്നു. സംഭാഷണങ്ങൾ ആകെയുള്ളത് ഒപ്പമുള്ള മുത്തശ്ശിയോടും വളർത്തുമൃഗങ്ങളോടുമാണ്. ഒരുതരത്തിൽ പറഞ്ഞാൽ ഭൂമിക്കൊപ്പം ജീവിക്കുകയാണ് ലി സികി. പാചകവും, കൃഷിയും കര കൗശലവുമായി യൂട്യൂബ് ചാനൽ ആരംഭിച്ച ലി സികി ഇന്ന് ചൈനയിലെ ഏറ്റവുമധികം കാഴ്ചക്കാരുള്ള വ്‌ളോഗറാണ്.

യൂട്യൂബിൽ 14,100,000 സബ്സ്ക്രൈബേഴ്‌സാണ് 2021 ജനുവരി 25ലെ കണക്കനുസരിച്ച് ഇവർക്ക്. ഒരു ചൈനീസ് ഭാഷാ യൂട്യൂബ് ചാനലിലെ ഏറ്റവുമധികം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയാണ് ലി സികി ഗിന്നസ് റെക്കോർഡ് നേടിയത്. ഈ തിരക്കേറിയ ലോകത്ത് സാധ്യമല്ലെന്ന് നമ്മൾ കരുതുന്ന പലതും അവിശ്വസനീയമാംവിധം ലി സികി കാണിച്ചുതരുന്നു. 14.1 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഈ സോഷ്യൽ മീഡിയ താരം പക്ഷെ ഒട്ടേറെ ദുരൂഹതകളും അവശേഷിപ്പിക്കുന്നുണ്ട്. കാരണം, അഭിമുഖങ്ങളിൽ സംസാരിക്കുകയോ, വ്യക്തിജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്നാൽ, തുടക്കത്തിൽ അവർ നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഒട്ടേറെ കഷ്ട്ടപ്പാടിൽ നിന്നും വിജയിച്ച വ്യക്തിത്വമാണെന്നു വ്യക്തമാക്കുന്നുണ്ട്.

1990 ൽ ജനിച്ച ലി സികി, ഇപ്പോൾ മുത്തശ്ശിക്കൊപ്പം തെക്കുപടിഞ്ഞാറൻ ചൈനയായ സിചുവാനിൽ താമസിക്കുകയാണ്. ഒൻപത് വർഷം മുമ്പ്, നഗരത്തിൽ നിന്ന് സ്വന്തം നാട്ടിലേക്ക് പോയി രോഗിയായ മുത്തശ്ശിയെ പരിപാലിക്കാൻ ലി തീരുമാനിച്ചതോടെയാണ് ജീവിതത്തിൽ വളരെയധികം വഴിത്തിരിവുകൾ സംഭവിച്ചത്.

മാതാപിതാക്കൾ ലിയുടെ ചെറുപ്പത്തിൽ തന്നെ വേർപിരിഞ്ഞിരുന്നു. അതിനു ശേഷം, അവൾ അച്ഛനോടൊപ്പം ജീവിക്കുന്നതിനിടയിൽ ആറാം വയസിൽ അച്ഛൻ മരണമടഞ്ഞു. പിന്നീട്, ലിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു മുത്തശ്ശി. അവിടെ മുത്തച്ഛനിൽ നിന്ന് കരകൗശല വസ്തുക്കളും പരമ്പരാഗത ചൈനീസ് വിഭവങ്ങളും ഉണ്ടാക്കാൻ പഠിച്ചു. എന്നാൽ അഞ്ചാം ക്ലാസ്സിൽവെച്ച് മുത്തച്ഛനും മരണമടഞ്ഞതോടെ പഠനമുപേക്ഷിച്ച് നഗരത്തിലേക്ക് ജോലി തേടി പോകുകയായിരുന്നു ലി സികി.

2012 ൽ മുത്തശ്ശിക്ക് കടുത്ത അസുഖം ബാധിച്ചു, അതിനാൽ ലി ഗ്രാമത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും വരുമാനത്തിനായി ഒരു ഓൺലൈൻ വസ്ത്ര ഷോപ്പ് ആരംഭിക്കുകയും ചെയ്തു. ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഗിത്താർ വിഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്ന സഹോദരനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലി തന്റെ ഗ്രാമ ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വ വിഡിയോകൾ 2015 മുതൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. 2016 ൽ ലി പീച്ച് ബ്ലോസം വൈൻ നിർമ്മിക്കുന്നതിനെക്കുറിച്ച് ഒരു വിഡിയോ അപ്‌ലോഡ് ചെയ്തു. അത് വാളരെയധികം ശ്രദ്ധനേടി . അതോടെ, ഒരു മൊബൈൽ ഫോണും വീഡിയോ എഡിറ്റിംഗ് അപ്ലിക്കേഷനും ഉപയോഗിച്ച് ലി തന്റെ ജൈത്രയാത്ര ആരംഭിച്ചു.

2017ലാണ് ലി സികി ആദ്യമായി യൂട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്തത്. മുന്തിരി തൊലിയുടെ നിറം ഉപയോഗിച്ച് ഗൗൺ തുന്നുന്നതാണ് ലി സികി പങ്കുവെച്ചത്. നിലവിലെ കണക്കനുസരിച്ച് ഇതിന് 20 ദശലക്ഷം കാഴ്ചക്കാരുണ്ട്. ലിയുടെ പ്രസിദ്ധിക്ക് പിന്നിൽ ഒട്ടേറെ നിറംപിടിപ്പിച്ച കഥകൾ ഉണ്ടെങ്കിലും അതെല്ലാം കാറ്റിൽ പരത്തുന്ന വിഡിയോകളാണ് ഓരോ തവണയും എത്തുന്നത്. വിഡിയോകളെല്ലാം സ്വയം സംവിധാനം ചെയ്യുകയാണ് ലി. മാത്രമല്ല, മനുഷ്യനെ മണ്ണിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയാണ് ഓരോ വിഡിയോയും.

Story highlights- life of famous vlogger li ziqi