‘ഏക് ദോ തീൻ..’ ; ഹിറ്റ് ഗാനത്തിന് വേറിട്ടൊരു വേർഷൻ ഒരുക്കി മാധുരി ദീക്ഷിത്- വിഡിയോ
നൃത്തലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മാധുരി ദീക്ഷിത്. ഒരുകാലത്ത് വെള്ളിത്തിരയിൽ നിറസാന്നിധ്യമായിരുന്ന മാധുരി ഇപ്പോൾ നൃത്ത വേദികളിലാണ് സജീവം. മാത്രമല്ല, ആരാധകർക്കായി നൃത്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട് നടി. മാധുരി അഭിനയിച്ചതും നൃത്തം ചെയ്തതുമായ ഒട്ടേറെ ഗാനങ്ങൾ ഹിറ്റാണെങ്കിലും 1988 ൽ റിലീസ് ചെയ്ത ടെസാബ് എന്ന ചിത്രത്തിലെ ‘ഏക് ദോ തീൻ..’ ഗാനമാണ് മാധുരിയെ കൂടുതൽ പ്രിയങ്കരിയാക്കിയത്.
ഇന്നും ഒട്ടേറെ നൃത്തവേദികളിലും മത്സരങ്ങളിലും ‘ഏക് ദോ തീൻ..’ ചുവടുകൾ ആളുകൾ അതേപടി അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം ഹിറ്റ് ഗാനത്തിന് വേറൊരു വേർഷൻ ഒരുക്കിയിരിക്കുകയാണ് മാധുരി ദീക്ഷിത്. നർത്തകരായ ശക്തി മോഹൻ, പുനീത് പഥക്, നടൻ തുഷാർ കാലിയ എന്നിവർക്കൊപ്പമാണ് മാധുരി ‘ഏക് ദോ തീൻ..’ അവതരിപ്പിക്കുന്നത്.
നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക പ്രിയങ്കരിയായ മാധുരി ദീക്ഷിത് അൻപത്തിമൂന്നാം വയസിലും ചുറുചുറുക്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ്. കാലംപോകും തോറും പ്രായം കുറയുന്ന മാധുരി ദീക്ഷിതിന്റെ മാന്ത്രിക രഹസ്യം അടുത്തിടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.
Read More: സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്നോ- ഹൊറര്‍ ചിത്രം; ചതുര്‍മുഖം ഏപ്രില്‍ എട്ട് മുതല്‍ തിയേറ്ററുകളിലേക്ക്
പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്ന സ്കിൻകെയർ ടിപ്പുകളാണ് തന്റെ യൂട്യൂബ് ചാനലിലൂടെ മാധുരി ദീക്ഷിത് പങ്കുവെച്ചത്. ഒരാൾ കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിനെയും ബാധിക്കുന്നതാണ് എന്ന് മാധുരി പറയുന്നു. അതേസമയം, ‘ടോട്ടൽ ധമാൽ’ എന്ന ചിത്രത്തിലാണ് നടി ഏറ്റവുമൊടുവിൽ വേഷമിട്ടത്. ഇപ്പോൾ സ്വന്തം പ്രൊഡക്ഷൻ ഹൗസിന് കീഴിൽ നിരവധി വെബ് സീരീസുകൾ നടി ഒരുക്കാറുണ്ട്.
Story Highlights- Madhuri Dixit nene’s cover version for ek dho theen song