15 വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ ബൈക്ക് റൈഡ് നടത്തി മംമ്ത- വിഡിയോ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. ഏതു കഥാപാത്രത്തെയും അതിമനോഹരമാക്കുന്ന മംമ്ത, 2004ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിൽ വേഷമിട്ടുകൊണ്ടാണ് അഭിനയ ലോകത്തേക്ക് എത്തിയത്. പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കരിയറിനൊപ്പം ഒരു സാധാരണക്കാരി എന്ന നിലയിൽ പല കാര്യങ്ങളും മംമ്തയ്ക്ക് നഷ്ടമായിരുന്നു. അതിലൊന്നാണ് ബൈക്ക് റൈഡിംഗ്.
ഇപ്പോഴിതാ, പതിനഞ്ചു വർഷങ്ങൾക്കിപ്പുറം ബഹ്‌റൈനിൽ ബൈക്ക് റൈഡ് നടത്തുന്ന മംമ്തയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽശ്രദ്ധനേടുകയാണ്. ‘ആഗ്രഹിക്കുമ്പോൾ ആരെങ്കിലും ഒരു സവാരിക്ക് കൊണ്ടുപോകുന്നതുവരെ കാത്തിരിക്കുന്നത് എന്തിനാണ്? 15 വർഷത്തിനുശേഷം ബൈക്ക് റൈഡ് ചെയ്യുന്നു … ഏറ്റവും അതിശയകരമായ കാര്യം എനിക്ക് ഡ്രൈവിങ്ങിൽ ടച്ച് നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് !! സിനിമകളിൽ ഒരു കരിയർ കെട്ടിപ്പടുക്കുക എന്നതിനർത്ഥം ഞാൻ നഗരത്തിന് ചുറ്റും ഒരു മോട്ടോർ സൈക്കിൾ ഓടിച്ചിരുന്ന ദിവസങ്ങൾ മാറ്റിവയ്ക്കുകയെന്നതാണ് .. ബാംഗ്ലൂർ ഡേയ്‌സ്..’.- മംമ്‌തയുടെ വാക്കുകൾ.
ബൈക്ക് റൈഡ് നടത്തുന്ന വിഡിയോ മംമ്ത തന്നെയാണ് പങ്കുവെച്ചത്. അതേസമയം, സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് അടുത്തിടെ മംമ്ത പങ്കുവെച്ച വാക്കുകൾ ശ്രദ്ധനേടിയിരുന്നു. ‘2004 ൽ എന്റെ ദീപാവലി ഇടവേള മയൂഖത്തിൻറെ സെറ്റിൽ ആസ്വദിച്ചപ്പോൾ, വരുന്ന 15 വർഷവും ഇത് ചെയ്യുമെന്നതിന്റെ ഒരു സൂചനയും എനിക്കില്ലായിരുന്നു. ആ അശ്രദ്ധയായ കോളേജ് പെൺകുട്ടി ‘ഇന്ദിര’ ആയിത്തീർന്നതിനും എനിക്കും സൈജു കുറുപ്പിനും ഒരു മികച്ച ഉപദേഷ്ടാവായി മാറാൻ സാധിച്ചതിനും ഹരിഹരൻ സാറിന് നന്ദി പറയുന്നു’- മംമ്തയുടെ വാക്കുകൾ.
അതേസമയം, ഫോറൻസിക് ആണ് മംമ്ത നായികയായി എത്തിയ അവസാന ചിത്രം. ലോക്ക് ഡൗണിന് ശേഷം ചിത്രീകരണ തിരക്കിലേക്ക് ചേക്കേറിയ നടി അടുത്തിടെ നിർമാണ രംഗത്തേക്കും ചുവടുവെച്ചിരുന്നു.
Story highlights- mamtha mohandas about her bike ride