ഉപയോഗശേഷം ഭൂമിക്ക് ഒരു തുണ- വിത്തുക്കൾ അടങ്ങിയ മാസ്കുകൾക്ക് പ്രിയമേറുന്നു

April 26, 2021

ലോകത്ത് ഇപ്പോൾ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ് മാസ്‌ക്. കരുതലോടെ മാസ്കുകൾ ധരിച്ച് സാമൂഹിക അകലം പാലിച്ച് ആളുകൾ മാറിയ ജീവിത സാഹചര്യത്തോട് ഇണങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ മാസ്കുകളിലും പല പുതുമകളും എത്തി. ഇപ്പോഴിതാ, ശ്രദ്ധനേടുന്നത്, വിത്തുകൾ അടങ്ങിയ മാസ്ക് ആണ്.

കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും വളരെ വിജയകരമായി മംഗളൂരുവിൽ പ്രചാരത്തിലുണ്ട് വിത്തുകൾ അടങ്ങിയ മാസ്‌ക്. പേപ്പർ സീഡ് എന്ന സാമൂഹിക സംരംഭകത്വത്തിൽ തുളസി, തക്കാളി എന്നിവയുടെ വിത്തുകൾ ഉൾപ്പെടുത്തിയാണ് മാസ്‌ക് തയ്യറാക്കുന്നത്. കോട്ടൺ തുണി ഉപയോഗിച്ചാണ് ഈ മാസ്കുകൾ നിർമ്മിച്ചതെന്ന് പേപ്പർ സീഡ് സ്ഥാപകനും കലാകാരനുമായ പക്ഷികേരയിലെ നിതിൻ വാസ് പറയുന്നു.

മാസ്കുകൾ ഉപയോഗശേഷം വലിച്ചെറിയുന്ന പ്രവണത സജീവമാകുന്ന സാഹചര്യത്തിൽ പ്രകൃതിക്ക് വളരെയധികം യോജിക്കുന്ന തരത്തിലാണ് ഇവർ മാസ്‌ക് ഒരുക്കിയിരിക്കുന്നത്. കാരണം, കടലിലും മറ്റു ജലാശയങ്ങളിലുമൊക്കെ ഒഴുകിയെത്തുന്ന മാസ്കുകൾ കരക്കടിഞ്ഞ് വളരെ ദോഷകരമായി ഭവിക്കാറുണ്ട്. എന്നാൽ, വിത്തുകൾ ഉള്ളതുപോലുള്ള പരിസ്ഥിതി സൗഹാർദ മാസ്കുകൾ സസ്യങ്ങളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടും. ഇത്തരത്തിൽ നാനൂറിലധികം മാസ്കുകൾ പേപ്പർ സീഡ് ഒരുക്കിക്കഴിഞ്ഞു.

ഈ മാസ്കുകൾ കഴുകിയ ശേഷം വീണ്ടും ഉപയോഗിക്കാൻ കഴിയില്ല. ചെന്നൈ, ബെംഗളൂരു, മഡിക്കേരി എന്നിവടങ്ങളിൽ നിന്നെല്ലാം പേപ്പർ സീഡിലേക്ക് വിത്ത് മാസ്കിന് ആവശ്യക്കാർ ഏറിവരികയാണ്.

Story highlights- masks that grow into plants upon disposal