വേട്ടയാടലുകളിലെ അധികാര ചൂഷണങ്ങൾ; കാലിക പ്രസക്തമായ ‘നായാട്ട്’- റിവ്യൂ

പോയവർഷത്തെ അപേക്ഷിച്ച് ഇത്തവണ വിഷുക്കാലം ഒട്ടേറെ ചിത്രങ്ങൾക്കൊപ്പമാണ്. കൊവിഡ് സാഹചര്യം നിലനിൽക്കുകയും കൂടുതൽ രൂക്ഷമാകുകയും ചെയ്യുന്ന വേളയിൽ എത്രനാൾ തിയേറ്ററുകളിൽ പ്രദർശനം സജീവമാകും എന്നത് ചോദ്യമാണെങ്കിലും ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷകരെ സംതൃപ്തപ്പെടുത്തിയവയാണ്. ഇപ്പോഴിതാ, ആ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കപ്പെടുകയാണ് നായാട്ടും. ചാർലിക്ക് ശേഷം അഞ്ചുവർഷത്തെ ഇടവേള വേണ്ടിവന്നു മാർട്ടിൻ പ്രക്കാട്ടിന് നായാട്ടിലേക്ക് എത്താൻ. എന്നാൽ, വൈകി വന്ന വസന്തം എന്നുപറയുന്നതുപോലെ അതിഗംഭീരമായൊരു വിഷ്വൽ ട്രീറ്റാണ് പ്രേക്ഷകർക്ക് മാർട്ടിൻ പ്രക്കാട്ട് സമ്മാനിക്കുന്നത്.

ഒട്ടേറെ പോലീസ് ചിത്രങ്ങൾ മലയാള സിനിമയിൽ എല്ലാക്കാലത്തും പിറവിയെടുക്കാറുണ്ടെങ്കിലും എല്ലാത്തിനും ഒരേ കാഴ്ചപ്പാടാണ് പൊതുവെ അനുഭവപ്പെടാറുള്ളത്. എന്നാൽ, നായാട്ട് ഇന്നുവരെ കണ്ടിട്ടുള്ള പോലീസ് ത്രില്ലറുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരുപക്ഷെ, ഒരു ത്രില്ലർ എന്നതിലുപരി മറ്റൊരു തലമാണ് ചിത്രം സമ്മാനിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ വേട്ടയാടലിലാണ് ചിത്രം ആരംഭിക്കുന്നത്.

കേരളത്തിൽ അടുത്തിടെ നടന്ന ചില സംഭവങ്ങളിലേക്ക് കാഴ്ചക്കാരെ നായാട്ട് നയിക്കുന്നുണ്ട്, ഒരുപക്ഷേ, പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ചില സംഭവങ്ങളിലേക്കും. ഒരു പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ നിയമവിരുദ്ധമായ ഒരു അറസ്റ്റാണ് കഥയ്ക്ക് തുടക്കമിടുന്നത്. അതുമായി ബന്ധപ്പെട്ട് മൂന്നു പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രതിസന്ധികളും നിയമ നടപടികളും രക്ഷപ്പെടലുകളുമെല്ലാം ഇന്നുവരെ മലയാളികൾ കണ്ടിട്ടില്ലാത്ത കോണിൽ നിന്നും ആവിഷ്കരിച്ചിരിക്കുന്നു. പോലീസ് ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥാകൃത്ത് ഷാഹി കബീർ വളരെയധികം നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നത് ജോസഫ് എന്ന ചിത്രത്തിൽ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അതുതന്നെയാണ് നായാട്ടിലും കാണാൻ സാധിക്കുക. കഥാഗതിക്കും പറഞ്ഞ രീതിക്കും വളരെയധികം പ്രാധാന്യം ഉണ്ട്.

മണിയൻ എന്ന ഉദാസീനനായ, മടിയനായ പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ച ജോജുവാണ് ഒരുപടി കൂടുതൽ സ്‌കോർ ചെയ്തിരിക്കുന്നത്. വളരെ തന്മയത്വത്തോടെ, കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലർത്താൻ ജോജുവിന് സാധിച്ചു. പ്രവീൺ മൈക്കിൾ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. അടുത്തിടെയായി ത്രില്ലർ ചിത്രങ്ങളിൽ സജീവ സാന്നിധ്യമാകുന്ന കുഞ്ചാക്കോ ബോബൻ ഒരു നാടൻ പോലീസുകാരന്റെ ഭാവങ്ങൾ വിജയകരമായി പകർത്തിയിട്ടുണ്ട്. നിമിഷയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകുകയാണ് നായാട്ടിലെ കഥാപാത്രം. അനിത എന്ന എ പോലീസ് ഉദ്യോഗസ്ഥയായി വേറിട്ടൊരു അനുഭവം നിമിഷയ്ക്ക് സമ്മാനിക്കാൻ സാധിച്ചു. എന്നാൽ, പ്രധാന താരം ക്യാമറയാണ്. പ്രേക്ഷകർക്ക് മുന്നിൽ, യഥാർത്ഥത്തിൽ സംഭവിക്കുന്ന അനുഭവമാണ് ഷൈജു ഖാലിദ് സമ്മാനിക്കുന്നത്. തിയേറ്റർ വിട്ടിറങ്ങുമ്പോൾ ചിത്രത്തിന്റെ കാലിക പ്രസക്തി എത്രത്തോളമുണ്ടെന്നതിൽ യാതൊരു സംശയവും കാണികൾക്ക് നായാട്ട് ബാക്കിയാക്കില്ല.

Read More: കുടുംബത്തെ സംരക്ഷിക്കാന്‍ ബോക്‌സിങ്ങിനിറങ്ങിയ ഒന്‍പത് വയസ്സുകാരന്‍

സിനിമയുടെ കഥാഗതിക്ക് അൻവർ അലിയുടെ വരികളും ഒപ്പം വിഷ്ണു വിജയ്‌യുടെ സംഗീതം ഇഴുകിച്ചേർന്നിരിക്കുന്നു. എഡിറ്റിങ് മഹേഷ് നാരായണനാണ് നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമ്മാണം. മാജിക്‌ ഫ്രെയിംസ് റിലീസ് ആണ് വിതരണം.

Story highlights- nayattu movie review