ഹൃദയം തൊട്ട് ‘നീയേ..’;ശ്രദ്ധനേടി ‘അനുഗ്രഹീതൻ ആന്റണി’യിലെ മനോഹര ഗാനം

മലയാള സിനിമയ്ക്ക് ഒരു ഫീൽ ഗുഡ് വസന്തമൊരുക്കി തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ചിത്രം, ഹൗസ്ഫുള്ളായി തുടരുമ്പോൾ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരുന്ന ‘നീയേ..’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ എല്ലാ വികാരങ്ങളും ഉൾക്കൊണ്ടൊരുക്കിയ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് മനു മഞ്ജിത്ത്‌ ആണ്. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അരുൺ മുരളീധരനാണ്.

സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ആന്റണി എന്ന കഥാപാത്രവും ആന്റണിയുടെ അച്ഛനായെത്തുന്ന സിദ്ദിഖും അദ്ദേഹം വളർത്തുന്ന രണ്ടു നായകളുമാണ് അനുഗ്രഹീതൻ ആന്റണിയിലെ പ്രധാന കഥാപാത്രങ്ങൾ. 96ലൂടെ ശ്രദ്ധേയയായ ഗൗരി ജി കിഷനാണ് നായികയായി എത്തുന്നത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. എം ഷിജിത്താണ് നിർമ്മാതാവ്. ജിഷ്ണു എസ് രമേശിന്റേയും, അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. അരുൺ മുരളീധരൻ സംഗീതവും ഒരുക്കിയിരിക്കുന്നു. സെൽവകുമാർ എസ് ആണ് സിനിമാറ്റോഗ്രാഫർ. അപ്പു ഭട്ടതിരി ആണ് ചിത്രത്തിന്റെ എഡിറ്റർ. നിഴൽ എന്ന സിനിമയുടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചതിനൊപ്പമാണ് അപ്പു ഭട്ടതിരി അനുഗ്രഹീതൻ ആന്റണിക്കായി എഡിറ്റിങ്ങ് നിർവഹിച്ചത്.

Read More: പ്രണയഭാവങ്ങളില്‍ നിറഞ്ഞ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും; ശ്രദ്ധ നേടി മരക്കാറിലെ ഗാനം

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകുന്ന ചിത്രം ഏപ്രിൽ ഒന്നിനാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. അരുൺ വെഞ്ഞാറമൂട് ആർട്ട്‌ ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്. 

Story highlights- neeye song from anugraheethan antony