സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

New guidelines for Covid vaccination in Kerala

കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. വാക്‌സിനേഷന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍ക്കിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് അലോട്ട്‌മെന്റിലൂടെയായിരിക്കും രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ അവസരം.

ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാന്‍ യോഗ്യമായവരുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനവും നടപ്പിലാക്കുന്നുണ്ട്. ആശാവര്‍ക്കര്‍മാരുടേയും തദ്ദേശജീവനക്കാരുടേയും സഹായം ഇതിനായി പ്രയോജനപ്പെടുത്തും. കൊവിഷീല്‍ഡ് വാക്‌സിന്‌റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.

അതേസമയം മെയ് 1 മുതല്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കാം. ആദ്യ ഘട്ട ഡോസ് സ്വീകരിക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കോവിന്‍ വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും രജിസ്‌ട്രേഷന്‍.

രജിസ്ട്രേഷന്‍ നടത്തേണ്ടത് എങ്ങനെ?

-cowin.gov.in എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക
-വെബ്സൈറ്റിന്റെ വലതുഭാഗത്തായി കാണുന്ന രജിസ്റ്റര്‍/ സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്നതില്‍ ക്ലിക്ക് ചെയ്യുക
-മൊബല്‍ നമ്പര്‍ നല്‍കുക
-മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കേണ്ട സ്ഥലത്ത് നല്‍കി വേരിഫൈ ചെയ്യുക
-തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ആഡ് മോര്‍ എന്ന് സ്ഥാനത്ത് ക്ലിക്ക് ചെയ്യുക.
-ഫോട്ടോ ഐഡി പ്രൂഫിനായി ആധാര്‍/ ഡ്രൈവിങ് ലൈസന്‍സ്/ വോട്ടര്‍ ഐഡി തുടങ്ങിയ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് നല്‍കുക
-മറ്റ് വ്യക്തിഗത വിവരങ്ങളും പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യുക
-ഒരാള്‍ക്ക് നാല് പേരെ വരെ രസിസ്റ്റര്‍ ചെയ്യാം. കുടുംബത്തിലെ മറ്റ് അംഗങ്ങളെ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആഡ് മോര്‍ കൊടുത്താല്‍ മതിയാകും
-തുടര്‍ന്ന് Schedule എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
-സ്ഥലത്തെ പിന്‍കോഡ് നല്‍കുക
-നമ്മുടെ പരിസരത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടോ എന്ന് പരിശോധിക്കാം.
-ഇനി ഇങ്ങനെ പിന്‍കോഡ് നല്‍കുമ്പോള്‍ വാക്സിന്‍ കേന്ദ്രങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സേര്‍ച്ച് ബൈ ഡിസ്ട്രിക്ട് എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്ത് ജില്ല തെരഞ്ഞെടുക്കാവുന്നതാണ്
-തുടര്‍ന്ന് തീയതിയും കേന്ദ്രവും തെരഞ്ഞെടുക്കുക. അടുത്ത വിന്‍ഡോയില്‍ നിന്നും സമയവും തെരഞ്ഞെടുക്കാം.
-കണ്‍ഫോം എന്നയിടത്ത് ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ ഉറപ്പാക്കുക. അപ്പോയിന്‍മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
ശ്രദ്ധിക്കുക- രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ വാക്സിന്‍ കുത്തിവയ്പ്പ് എടുക്കാന്‍ പോകുമ്പോഴും ഒപ്പം കരുതണം. രജ്സിറ്റര്‍ ചെയ്തിട്ട് പ്രത്യേക കാരണത്താല്‍ പോകാന്‍ സാധിച്ചില്ലെങ്കില്‍ Reschedule ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Story highlights: New guidelines for Covid vaccination in Kerala