ഏറ്റവും വേഗത്തില്‍ അഞ്ച് കോടിയിലധികം കാഴ്ചക്കാര്‍; റെക്കോര്‍ഡ് നേട്ടവുമായി അല്ലു അര്‍ജുന്റെ പുഷ്പ ടീസര്‍

April 27, 2021
Pushpa teaser fifty million views

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അപൂര്‍വമായൊരു നേട്ടംകൂടി സ്വന്തമാക്കിയിരിക്കുകയാണ് പുഷ്പ ടീസര്‍. യുട്യൂബില്‍ ഏറ്റവും വേഗത്തില്‍ അമ്പത് മില്യണ്‍ ആളുകള്‍ കണ്ട ടീസര്‍ എന്ന ബഹുമതിയാണ് പുഷ്പയുടെ ടീസര്‍ സ്വന്തമാക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകര്‍ഷണം.

കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

Read more: ‘വല്ലതും കഴിച്ചാരുന്നോ’; കരുതലിന്റെ ചോദ്യവുമായെത്തിയ ആ വൈറല്‍ സൈനികന്‍ ദാ ഇവിടെയുണ്ട്

തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ഫഹദ് ഫാസിലും ചിത്രത്തില്‍ കഥാപാത്രമായെത്തുന്നുണ്ട്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

Story highlights:  Pushpa teaser fifty million views