സ്വപ്നം സഫലമാക്കാന്‍ സഹായിച്ച ‘ഡിക്യു’; നന്ദിയോടെ റോഷന് ആന്‍ഡ്രൂസ്
ദുല്‍ഖര്‍ സല്മാന് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. റോഷന് ആന്‍ഡ്രൂസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ശ്രദ്ധ നേടുകയാണ് ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് റോഷന് ആന്‍ഡ്രൂസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ്. വലിയൊരു സ്വപ്നം സഫലമാക്കാന്‍ ചേര്‍ന്നു നിന്ന ദുല്‍ഖറിന് നന്ദി കുറിച്ചിരിക്കുകയാണ് സംവിധായകന്.
ഡിക്യു എന്ന് അദ്ദേഹത്തെ സ്നേഹത്തോടെയും ബഹുമാനത്തോടെയും നാം വിളിയ്ക്കുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്വപ്നം സഫലമാക്കാന്‍ ഒപ്പം നിന്നതിന് ഹൃദയത്തില്‍ നിന്നും നന്ദി. താങ്കളുമായി ഒരു സിനിമ ചെയ്യണമെന്നത് എന്റെ എക്കാലത്തേയും ഒരു സ്വപ്നമായിരുന്നു. നിങ്ങള്‍ മികച്ചൊരു മനുഷ്യനാണ്. നിങ്ങളിലെ ആ ഗുണങ്ങള്‍ തന്നെയാണ് നിങ്ങളെ മികച്ച ഒരു നടനാക്കുന്നതും.’ റോഷന് ആന്‍ഡ്രൂസ് കുറിച്ചു. ദുല്‍ഖര്‍ സല്‍മാനോടൊപ്പമുള്ള ഒരു മനോഹര ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സല്യൂട്ട് സിനിമയില്‍ കൂടെനിന്ന് പ്രവര്‍ത്തിച്ച എല്ലാവര്ക്കും സംവിധായകന് റോഷന് ആന്‍ഡ്രൂസ് നന്ദി കുറിച്ചിട്ടുണ്ട്.
Read more: കുടുംബത്തെ സംരക്ഷിക്കാന്‍ ബോക്സിങ്ങിനിറങ്ങിയ ഒന്‍പത് വയസ്സുകാരന്
അതേസമയം ദുല്‍ഖര്‍ സല്‍മാനും റോഷന് ആന്‍ഡ്രൂസും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രംകൂടിയാണ് സല്യൂട്ട്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ നിര്‍മാണം. ബോളിവുഡ് താരം ഡയാന പെന്റി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. മനോജ് കെ ജയന്, അന്‍സിബ, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: Rosshan Andrrews about Dulquer Salmaan