കൊവിഡ് വ്യാപനം; സുരേഷ് ഗോപി- ജോഷി ചിത്രം ‘പാപ്പന്‍’ ചിത്രീകരണം നിര്‍ത്തിവെച്ചു

April 28, 2021

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാപ്പന്‍ എന്ന സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പാപ്പന്‍. കാഞ്ഞിരപ്പള്ളിയിലാണ് പാപ്പന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറാവുകയായിരുന്നു.

സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒരുമിയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2014-ല്‍ പ്രേക്ഷകരിലേക്കെത്തിയ സലാം കാശ്മീര്‍ ആണ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അവസാന സുരേഷ് ഗോപി ചിത്രം. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് പാപ്പനില്‍ സുരേഷ് ഗോപി അവതരിപ്പിയ്ക്കുന്നത്.

Read more: ‘ഓപ്പറേഷൻ ജാവ’ ബോളിവുഡിലേക്ക്

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നൈല ഉഷ, സണ്ണി വെയ്ന്‍, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്.

സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252-ാമത്തെ ചിത്രമായിരിയ്ക്കും ഇത്. ആര്‍ ജെ ഷാന്‍, ജേക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Solidarity with Covid defense; shooting of Pappan has stopped