‘റാ റാ റാസ്പുടിന്’ കീബോര്‍ഡില്‍; വേഗവിരല്ക്കൊണ്ട് അതിശയിപ്പിച്ച് സ്റ്റീഫന്‍ ദേവസ്സി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ റാസ്പുടിന് തരംഗമാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും ചേര്‍ന്ന് റാസ്പുടിന് ഗാനത്തിന് ചെയ്ത നൃത്തം വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. നിരവധിപ്പേര്‍ ചലഞ്ചായി ഏറ്റെടുത്തുകൊണ്ട് ഈ നൃത്തം അനുകരിക്കുകയും ചെയ്തു.
റാസ്പുടിന്റെ പല വേര്‍ഷനുകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മിക്കതും ഡാന്‍സ് വേര്‍ഷന്‍. എന്നാല്‍ ശ്രദ്ധ നേടുകയാണ് സ്റ്റീഫന്‍ ദേവസ്സി കീബോര്‍ഡില്‍ ഒരുക്കിയ റാ റാ റാസ്പുടിന്. വിരലുകള്‍ക്കൊണ്ട് കീബോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസ്സിയുടെ റാസ്പുടിന് വേഗവിരല്‍ പ്രകടനത്തിനും മുകച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതേസമയം ബോണി എം എന്ന സംഗീത ഗ്രൂപ്പ് പാടി ഹിറ്റാക്കിയതാണ് റാ റാ റാസ്പുടിന് എന്ന ഗാനം. ജാനകിയുടേയും നവീന്റേയും നൃത്തത്തിലൂടെ മലയാളികള്‍ക്കിടയിലും ഈ ഗാനം മികച്ച സ്വീകാര്യത നേടി. റഷ്യയിലെ സാര്‍ നിക്കോളാസ് രണ്ടാമന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തും ഉപദേശകനുമായ ഗ്രിഗറി റാസ്പുട്ടിനെക്കുറിച്ചുള്ള ഒരു സെമി ആത്മകഥാ ഗാനം എന്ന് റാസ്പുടിന് ഗാനത്തെ വിശേഷിപ്പിക്കാം.
Story highlights: Stephen Devassy’s Rasputin keyboard version