ഒരു രൂപയ്ക്ക് ഇഡ്ഡലി നല്കുന്ന കമലത്താള്‍ മുത്തശ്ശിയുടെ ഏറ്റവും വലിയ സ്വപ്നവും സഫലമായി
തലവാചകം വായിക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം. ഒരു രൂപയ്ക്ക് ഇഡ്ഡലി കിട്ടുമോ എന്ന് തലപുകഞ്ഞ് ആലോചിക്കേണ്ട. സംഗതി സത്യമാണ്. ഒരു രൂപയ്ക്ക് ഇഡ്ഡലിയും ഒപ്പം സാമ്പാറും ചട്നിയും നല്കുന്ന ഒരാളുണ്ട്. ഒരു മുത്തശ്ശിയമ്മ. ഇത് വെറുമൊരു മുത്തശ്ശിക്കഥയല്ല… കമലത്താള്‍ എന്ന മുത്തശ്ശിയമ്മയുടെ ജീവിതമാണ്.
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും കമലത്താള്‍ എന്ന മുത്തശ്ശിയമ്മ ഇടം നേടിയിട്ടുണ്ട്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ വാദിവേലമ്പാളയത്തിലാണ് കമലത്താള്‍ എന്ന മുത്തശ്ശിയമ്മയുടെ ഇഡ്ഡലി ലഭിയ്ക്കുന്നത്. എന്നാല്‍ സ്വന്തമായൊരു വീട് എന്നത് ഈ മുത്തശ്ശിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഈ സ്വപ്നവും സഫലമായിരിക്കുകയാണ്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്രയാണ് കടയും വീടും ഉള്‍പ്പെടെയുള്ള സ്ഥലം വാങ്ങി കമലത്താള്‍ മുത്തശ്ശിക്ക് സ്വന്തം പേരിലാക്കി നല്‍കിയത്.
ഇഡ്ഡലി മുത്തശ്ശി എന്നാണ് കമലത്താള്‍ക്ക് സോഷ്യല്‍മീഡിയ ചാര്‍ത്തി നല്‍കിയിരിക്കുന്ന പേര്. 80 വയസ്സിന് മുകളില്‍ പ്രായമുണ്ട് ഈ മുത്തശ്ശിക്ക്. വര്‍ഷങ്ങള്‍ ഏറെയായി കമലത്താള്‍ ഇഡ്ഡലി വില്ക്കാന് തുടങ്ങിയിട്ട്. ഈ മുത്തശ്ശിയമ്മയുടെ ഇഡ്ഡലിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്വന്തമായി ഉണ്ടാക്കുന്ന മാവുകൊണ്ടാണ് കമലത്താള്‍ ഇഡ്ഡലി ഉണ്ടാക്കുന്നത്. ആവശ്യമായ മാവ് തലേദിവസമേ അരച്ച് വയ്ക്കും. പിറ്റേന്ന് രാവിലെ തന്നെ ഇഡ്ഡലി ഉണ്ടാക്കാന്‍ തുടങ്ങും. ഒരു ദിവസം അരയ്ക്കുന്ന മാവ് പിറ്റേദിവസത്തേയ്ക്ക് മാറ്റിവയ്ക്കുന്ന ശീലങ്ങളൊന്നും ഇഡ്ഡലി മുത്തശ്ശിയ്ക്ക് ഇല്ല. കമലത്താളിന്റെ കടയില്‍ ചെല്ലുന്നവര്‍ക്ക് ആലിലയിലോ തേക്കിലയിലോ ആണ് സാമ്പാറും ചട്നിയും ചേര്‍ത്ത് ഇഡ്ഡലി വിളമ്പുക.
പത്ത് മര്‍ഷമേ ആയുള്ളു കമലത്താള്‍ ഇഡ്ഡലിയ്ക്ക് ഒരു രൂപ ആക്കിയിട്ട്. അതിന് മുമ്പ് അമ്പത് പൈസയായിരുന്നു. ഇഡ്ഡലിയ്ക്ക് ഇത്രയും വില കുറച്ച് നല്‍കുന്നതിലും ഒരു കാരണമുണ്ട്. കമലത്താളിന്റെ സ്വദേശമായ വാദിവേലമ്പാളയത്തില്‍ അധികവും സാധാരണക്കാരാണ്. ചെറിയ കൂലിയ്ക്ക് ജോലി ചെയ്യുന്നവര്‍. ചെറിയ തുകയ്ക്ക് ഇവര്‍ക്ക് വയറുനിറയെ ഭക്ഷണം നല്‍കുക എന്നതാണ് കമലത്താളിന്റെ ലക്ഷ്യം.
Only rarely does one get to play a small part in someone’s inspiring story, and I would like to thank Kamalathal, better known as Idli Amma, for letting us play a small part in hers. She will soon have her own house cum workspace from where she will cook & sell idlis (1/3) https://t.co/vsaIKIGXTp
— anand mahindra (@anandmahindra) April 2, 2021
Story highlights: Tamil Nadu’s famous Idli Amma gets new home