തിരമാലകള്‍ തട്ടുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അറിയാം കടലിനോട് ചേര്‍ന്നുകിടക്കുന്ന ആ ‘ഭീമന് പിയാനോ’യെക്കുറിച്ച്
ചില നിര്‍മിതികള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയതാണെങ്കിലും കാണാനെത്തുന്നവര്‍ക്ക് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഒരു നിര്‍മിതിയാണ് മോര്‍സ്കെ ഓര്‍ഗുള്‍ജെ’. തിരമാലകള്‍ തട്ടുമ്പോള്‍ മനോഹരമായി സംഗീതമൊഴുകുന്ന ഒരു സംഗീതോപകരണമാണ് ഇത് എന്ന് പറയാം.
ക്രൊയേഷ്യയിലെ സാദറിലാണ് അല്പം വ്യത്യസ്തമായ ഈ സംഗീതോപകരണം സ്ഥിതി ചെയ്യുന്നത്. അതും കടലിനോട് ചേര്‍ന്ന്. ആദ്യ കാഴ്ചയില്‍ കടലിന്റെ സമീപത്തായി നിര്‍മിച്ചിരിക്കുന്ന മാര്‍ബിള്‍ പടികള്‍ മാത്രമാണ് ഇതെന്നാണ് തോന്നുക. എന്നാല്‍ അല്പസമയം ഇവിടെ നിന്നാല്‍ കാതിന് ഇമ്പമേകുന്ന പ്രകൃതിദത്തമായ സംഗീതം ആസ്വദിക്കാം. അതായത് തിരമാലകള്‍ ഈ മാര്‍ബിള്‍ പടികളില്‍ തട്ടുമ്പോള്‍ ഉയരുന്ന സുന്ദര സംഗീതം.
പിയാനോയൊന്നും അല്ലെങ്കിലും ഈ കടല്‍ത്തീരത്ത് അല്പനേരം നിന്നുകഴിയുമ്പോള്‍ പിയാനോയില്‍ നിന്നുയരുന്നതു പോലെയുള്ള സംഗീതം കേള്‍ക്കാം. അതുകൊണ്ടുതന്നെയാണ് അപൂര്‍വമായ ഈ സംഗീതോപകരണത്തെ ഭീമന് പിയാനോ എന്ന് പലരും വിശേഷിപ്പിക്കുന്നതും. ആര്‍ക്കിടെക്ടായ നിക്കോള ബാസിക് ആണ് ഈ ഭീമന് പിയാനോയുടെ നിര്‍മാണത്തിന് പിന്നില്‍. 2005-ലാണ് ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് കണ്ണിനും കാതിനും കുളിരേകുന്ന അത്ഭുതക്കാഴ്ചയുടെ അനുഭവങ്ങളാണ് ലഭിക്കുന്നതും.
മാര്‍ബിള്‍ പടികള്‍ക്കിടയില്‍ ദ്വാരങ്ങളിട്ടാണ് ഈ ഭീമന് പിയാനോ നിര്‍മിച്ചിരിക്കുന്നത്. പ്രത്യേക പോളിയെത്തലീന് പൈപ്പുകളും ഏഴ് വിസിലുകളും നല്കിയിരിക്കുന്നു. തിരയിളകുമ്പോഴുണ്ടാകുന്ന കാറ്റ് ദ്വാരങ്ങളില്‍ പ്രവേശിക്കുമ്പോഴാണ് സംഗീതമുണ്ടാകുന്നത്. ഇവിടെ നിന്നും ഉയരുന്ന സംഗീതത്തിന് തിമിംഗലങ്ങളുടെ ശബ്ദവുമായി ബന്ധമുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഏകദേശം 70 മീറ്റര്‍ നീളമുണ്ട് ഈ ഭീമന് സംഗീതോപകരണത്തിന്.
Story highlights: The story of Zadar Sea Organ