ഇടിമിന്നലേറ്റു; കത്തിയമര്‍ന്ന് നിലംപതിച്ച് പൈന്‍ മരം: അപൂര്‍വദൃശ്യം

April 15, 2021
Video Shows Lightning Strike Destroying A Tree

ഇടിമിന്നല്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. അന്തരീക്ഷത്തില്‍ ശേഖരിക്കപ്പെടുന്ന സ്ഥിത വൈദ്യുതോര്‍ജ്ജം സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് ഇടിമിന്നല്‍ എന്ന് അറിയപ്പെടുന്നത്. ഇടിമിന്നലിന്റെ അപൂര്‍വമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ നിറയുന്നതും ഇടിമിന്നലിന്റെ ഒരു അപൂര്‍വ കാഴ്ചയാണ്. മിന്നലേല്‍ക്കുന്ന പൈന്‍ മരത്തിന്റേതാണ് ഈ ദൃശ്യങ്ങള്‍. അമേരിക്കയിലെ വിസ്‌കോന്‍സില്‍ നിന്നുള്ള കാഴ്ച നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇടിമിന്നലേറ്റ പൈന്‍ മരം സെക്കന്റുകള്‍ക്കുള്ളില്‍ കത്തിയമര്‍ന്ന് നിലം പതിക്കുന്നതും വിഡിയോയില്‍ കാണാം.

മിന്നലേറ്റപ്പോള്‍ തന്നെ മരം ഒന്നാകെ തീപിടിച്ചു. തൊട്ടുപിന്നാലെ പല കഷ്ണങ്ങളായി അടര്‍ന്ന് നിലംപതിച്ചു. അമേരിക്കയിലെ ദേശീയ കാലവസ്ഥ വകുപ്പും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇടിമിന്നലുള്ള സമയങ്ങളില്‍ മരത്തിന്റെ ചുവട്ടില്‍ അഭയം പ്രാപിക്കുന്നത് അപകടകരമാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദൃശ്യങ്ങള്‍.

ഇടിമിന്നലില്‍ നിന്നും രക്ഷ നേടാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ഇടിമിന്നലിനെതിരെ ജാഗ്രത സ്വീകരിക്കേണ്ടതുണ്ട്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതും അപകടകരമാണ്.

*ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
*മഴക്കാര്‍ കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണി വരെയുള്ള സമയത്ത് പോകരുത്
*ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
*ജനലും വാതിലും അടച്ചിടുക
*ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
*ഫോണ്‍ ഉപയോഗിക്കരുത്.
*ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
*കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
*ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
*വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
*വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
*ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്.

Story highlights: Video Shows Lightning Strike Destroying A Tree