ചിലവ് കുറഞ്ഞ സീവേജ് പൈപ്പുകൾക്കൊണ്ട് വീട് ഒരുക്കാം; 23 കാരിയുടെ ആശയത്തിന് ആവശ്യക്കാരേറെ…
സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. എന്നാൽ സാമ്പത്തീക ബുദ്ധിമുട്ട് കാരണം പലർക്കും വീട് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഇന്ത്യയിൽ ആറുകോടിയിലധികം ആളുകൾ ഇപ്പോഴും സ്വന്തമായി അടച്ചുറപ്പില്ലാത്ത ഒരു വീട് ഇല്ലാത്തവർ ആണ്. എന്നാൽ കുറഞ്ഞ ചിലവിൽ വീടെന്ന ആശയവുമായി വരുകയാണ് തെലങ്കാന ബൊമ്മക്കൽ സ്വദേശിയായ മാനസ റെഡ്ഢി എന്ന ഇരുപത്തി മൂന്നുകാരി.
സീവേജ് പൈപ്പുകൾ ഉപയോഗിച്ചാണ് കുറഞ്ഞ ചിലവിൽ മാനസ വീടുകൾ നിർമ്മിക്കുന്നത്. സിവിൽ എഞ്ചിനീയർ കൂടിയായ മാനസ ഒപോഡ് ട്യൂബ് ഹൗസ് എന്ന പേരിലാണ് വീടുകൾ പണിയുന്നത്. മാനസയുടെ ആവശ്യപ്രകാരം വീടിനാവശ്യമായ രീതിയിൽ പല വലിപ്പത്തിലുള്ള സീവേജ് പൈപ്പുകൾ തെലങ്കാനയിലെ ഒരു കമ്പനിയിൽ നിന്നും ചെയ്തുനൽകുന്നുണ്ട്.
മനസയുടെ പഠനകാലത്ത് തെലങ്കാനയിലെ ചേരിപ്രദേശങ്ങളിൽ നിരവധിപ്പേർ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നത് മാനസയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വേനൽക്കാലത്തെ ചൂടും മഴക്കാലത്തെ വെള്ളപ്പൊക്കവുമൊക്കെ ഇത്തരക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. പലപ്പോഴും ഇതിൽ നിന്നൊക്കെ പരിഹാരം തേടുന്നതിനായി റോഡരികിലെ മലിനജല പൈപ്പുകളിൽ ഇവർ അഭയം തേടിയിരുന്നു. ഇതിനൊരു പരിഹാരം എന്ന രീതിയിലാണ് മാനസ പുതിയ പ്രോജക്റ്റ് അവതരിപ്പിക്കുന്നത്.
2020 അവസാനത്തോടെയാണ് ഇത്തരം പൈപ്പുകൾ നിർമിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ നീളം കൂടിയതും വീടിനാവശ്യമായ രീതിയിലുമുള്ള പൈപ്പുകൾ ശേഖരിക്കാൻ മാനസ തുടങ്ങിയത്. 2021 ൽ മാനസ ചിന്തിച്ചതുപോലെ വീടും ഉയർന്നു. ഒരു ചെറിയ സ്വീകരണമുറി, ബാത്റൂം, കിടപ്പുമുറി, അടുക്കള തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങളോടെയാണ് വീട് ഒരുങ്ങിയത്.
അതേസമയം നിർമാണമേഖലയിൽ ഒരു മുതൽക്കൂട്ടായി മാറിയ മാനസയുടെ വീടുകൾ അന്വേഷിച്ച് ഇപ്പോൾ നിരവധിപ്പേർ എത്തുന്നുണ്ട്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 200 ഓളം വീടുകളുടെ ഓർഡറുകളും മാനസയ്ക്ക് ലഭിച്ചുകഴിഞ്ഞു.
Story Highlights: 23 year old Girl Builds Low-Cost Homes From Sewage Pipes