കാലുകകളില്ല; ജിംനാസ്റ്റിക്‌സില്‍ വിസ്മയിപ്പിക്കുന്ന എട്ട് വയസ്സുകാരി: പ്രചേദനം ഈ ജീവിതം

8-year-old born without legs competes as a gymnast

ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് പ്രചോദനമേകുന്നവര്‍. പേയ്ജ് കലെന്‍ഡൈന്‍ എന്ന മിടുക്കിയുടെ ജീവിതവും അനേകര്‍ക്ക് പ്രചോദനമാണ്. ജീവിതത്തില്‍ ചെറിയ കുറവുകളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ ഉള്‍വലിഞ്ഞ് അപകര്‍ഷതാബോധവും പേറി ജീവിക്കന്നവരെ ചിരിച്ചുകൊണ്ട് അതിജീവിക്കാന്‍ പഠിപ്പിക്കുകയാണ് ഈ മിടുക്കി.

എട്ടു വയസ്സുകാരിയാണ് പേയ്ജ് കലെന്‍ഡൈന്‍. അവള്‍ക്ക് കാലുകളില്ല. കാലുകളില്ലാതെയാണ് ഈ ഭൂമിയിലേക്ക് പേയ്ജ് കലെന്‍ഡൈന്‍ ജനിച്ചുവീണതുതന്നെ. എന്നാല്‍ ജീവിതത്തോട് പരിഭവിക്കാതെ ചിരിച്ചുകൊണ്ട് നേട്ടങ്ങള്‍ ഈ മിടുക്കി കൊയ്‌തെടുക്കുന്നു. ജിംനാസ്റ്റിക്‌സില്‍ ആരേയും അതിശയിപ്പിക്കുന്ന പ്രകടനമാണ് പേയ്ജ് കലെന്‍ഡൈന്‍ കാഴ്ചവയ്ക്കുന്നത്. സ്വജീവിതംകൊണ്ട് ലോകത്തിന് തന്നെ മാതൃകയാവുകയാണവള്‍.

Read more: മരുന്നിനൊപ്പം സംഗീതവും; രോഗിയ്ക്കരികിൽ ഇരുന്ന് പാട്ട് പാടി നഴ്സ്, ഹൃദ്യം ഈ വീഡിയോ

പതിനെട്ട് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ക്കേ ജിംനാസ്റ്റിക്‌സില്‍ മാതാപിതാക്കള്‍ പേയ്ജ് കലെന്‍ഡൈന് പരിശീലനം നല്‍കിത്തുടങ്ങി. കാലുകള്‍ ഇല്ലാത്തതിനാല്‍ അരക്ക് മുകളിലേക്ക് ശരീരത്തിന് കൂടുതല്‍ ബലം ലഭിക്കാന്‍ വേണ്ടിയായിരുന്നു അന്ന് പരിശീലനം നല്‍കിയത്. എന്നാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പേയ്ജ് കലെന്‍ഡൈന്‍ ജിംനാസ്റ്റിക്‌സിനോട് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങി. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ അവള്‍ക്ക് കൂടുതല്‍ പരിശീലനവും നല്‍കി.

നിരവധി വേദികളില്‍ ജിംനാസ്റ്റിക്‌സ് പ്രകടനംകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിച്ചിട്ടുണ്ട് പേയ്ജ് കലെന്‍ഡൈന്‍. വിവിധ മത്സരങ്ങളിലും കൈയടി നേടി. പ്രത്യേക വിഭാഗക്കാര്‍ക്കായുള്ള മത്സരങ്ങളിലല്ല പേയ്ജ് കലെന്‍ഡൈന്‍ മത്സരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കഠിനാധ്വാനത്തിലൂടേയും ആത്മവിശ്വാസത്തിലൂടേയും ജീവിതത്തിലെ പ്രതിസന്ധികളേയെല്ലാം അതിജീവിക്കാന്‍ സാധിക്കുമെന്ന് സ്വജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി.

Story highlights: 8-year-old born without legs competes as a gymnast