അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി; സഞ്ചാരപഥം കണ്ണൂരില്‍ നിന്നും 290 കിലോമീറ്റര്‍ അകലെ

May 15, 2021
Cyclone

അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. നിലവില്‍ കണ്ണൂരില്‍ നിന്നും 290 കിലോമീറ്റര്‍ അകലെയാണ് ടൗട്ടെ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്. നിലവില്‍ ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല.

എന്നാല്‍ സഞ്ചാരപഥം കേരള തീരത്തോട് അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മെയ് 15 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് , യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്.

Story highlights: Cyclone Tauktae form Arabian Sea updates