കൊവിഡിനെ തുരത്താൻ ബോധവത്കരണവുമായി ജോർജുകുട്ടിയും കുടുംബവും; വിഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്
ജോർജുകുട്ടിയേയും കുടുംബത്തേയും അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. സിനിമാപ്രേമിയായ ഒരു സാധാരണ നാട്ടുംപുറത്തുകാരൻ കടന്നുപോയ പ്രതിസന്ധിഘട്ടങ്ങളെയും വെല്ലുവിളികളുടെയും മലയാളികൾ ഒന്നടങ്കം വലിയ ആശങ്കയോടെ നോക്കികണ്ടതാണ്. ഇപ്പോഴിതാ കൊവിഡ് തരംഗം രൂക്ഷമാകുന്ന ഈ മഹാമാരിക്കാലത്ത് ബോധവത്കരണവുമായി എത്തുകയാണ് ജോർജുകുട്ടിയും കുടുംബവും. സംസ്ഥാന സർക്കാരിന് വേണ്ടി കേരള സോഷ്യൽ സെക്യൂരിറ്റിയാണ് ദൃശ്യം മോഡൽ ബ്രേക്ക് ദി ചെയിൻ വിഡിയോ തയാറാക്കിയിരിക്കുന്നത്.
മോഹൻലാലിൻറെ പിറന്നാളിനോടനുബന്ധിച്ച് ജീത്തു ജോസഫാണ് ബോധവത്കരണ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ കുടുംബത്തെ നശിപ്പിക്കാൻ എത്തിയ കൊവിഡിനെ ജോർജുകുട്ടി നേരിടുന്നതാണ് വിഡിയോയിൽ കാണുന്നത്. ‘സുരക്ഷിതരാവാം. കൊവിഡിൽ നിന്നും നമ്മുടെ കുടുംബത്തെ രക്ഷിക്കാം. സംസ്ഥാന സർക്കാരിന് വേണ്ടി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ തയാറാക്കിയത്. ലാലേട്ടന് പിറന്നാൾ ആശംസകൾ’ എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് ജീത്തു കുറിച്ചത്.
ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടിക്കൊടുത്തത്. അടുത്തിടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകരിലേക്കെത്തിയത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്, സായ്കുമാര്, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
Story Highlights:jeethu joseph share george kuttys break the chain video