‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’; കൊവിഡ് കാലത്തെ മാനസീക സമ്മർദ്ദം കുറയ്ക്കാൻ പിന്തുണയുമായി സർക്കാർ

May 12, 2021
helpline center for stress relief

കൊവിഡ് വ്യാപനം അതിതീവ്രമായതോടെ കേരളത്തിൽ ഉൾപ്പെടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിയും, ലോക്ക് ഡൗണിന്റെ ഒറ്റപ്പെടലും പ്രിയപ്പെട്ടവരുടെ മരണവുമൊക്കെ ആളുകളിൽ മാനസീക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴിതാ കൊവിഡ് കാലത്തെ മാനസീക സമ്മർദ്ദം കുറയ്ക്കാൻ ജനങ്ങൾക്ക് പിന്തുണയുമായി എത്തുകയാണ് കേരള സർക്കാർ.

കൊവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേൽ ഏല്പിക്കുന്ന മാനസിക സമ്മർദ്ദത്തിൻ്റെ തീവ്രത കുറയ്ക്കാൻ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച സൈക്കോസോഷ്യൽ സപ്പോർട്ട് ടീം വളരെ പ്രധാനപ്പെട്ട സേവനമാണ് നൽകി വരുന്നത്. ഓരോ ജില്ലയിലേയും മെൻ്റൽ ഹെൽത്ത് പ്രോഗ്രാം ടീമിൻ്റെ നേതൃത്വത്തിലാണ് ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതി നടപ്പിലാക്കുന്നത്.

സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവരെല്ലാം ഈ ടീമുകളുടെ ഭാഗമാണ്. ഏകദേശം 1400 പേർ ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്നു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ടീം കൂടുതൽ വിപുലമാക്കുകയാണ്.

കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ലിസ്റ്റ് ഓരോ ജില്ലയിലേയും ടീമുകൾക്ക് കൈമാറുന്നു. അവിടെ നിന്നും പോസിറ്റീവ് ആകുന്ന ഓരോ വ്യക്തിയേയും പ്രോട്ടോക്കോൾ പ്രകാരം നേരിട്ടു വിളിക്കുകയും, അവർ നേരിടുന്ന മാനസികമായ ബുദ്ധിമുട്ടുകളോ ആവശ്യങ്ങളോ ചോദിച്ചറിയുകയും ചെയ്യുന്നു. മാനസിക ബുദ്ധിമുട്ട് നേരിടുന്നു എന്ന് കണ്ടാൽ രണ്ടാമത്തെ കോളിൽ സൈക്യാട്രിസ്റ്റ് നേരിട്ട് സംസാരിച്ച് പരിഹാരം നിർദേശിക്കും. മരുന്നുകൾ ആവശ്യമായി വരികയാണെങ്കിൽ തൊട്ടടുത്തുള്ള പി.എച്.സി വഴി അവർക്ക് അതെത്തിക്കാനുള്ള നടപടിയും സ്വീകരിക്കും. മറ്റു ആവശ്യങ്ങൾ ഐസിഡിഎസ്, തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവ വഴിയും നിറവേറ്റാൻ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നു.

കൊവിഡ് രോഗവിമുക്തരായവരെ 20 ദിവസങ്ങൾക്ക് ശേഷം പോസ്റ്റ് കൊവിഡ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടോ എന്നു തിരക്കുന്നതിനായും കോളുകൾ ചെയ്യുന്നുണ്ട്. കൊവിഡ് ബാധിതരായവർക്ക് പുറമേ മാനസികരോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, വയോജനങ്ങൾ തുടങ്ങിയ പിന്തുണ ആവശ്യമുള്ളവരേയും ഈ പദ്ധതി വഴി അങ്ങോട്ടു ബന്ധപ്പെടുന്നുണ്ട്. മദ്യം ലഭ്യമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നതിനാൽ മദ്യപാനാസക്തി ഉള്ളവരുടെ ചികിത്സയുടെ ഏകോപനവും സൈക്കോസോഷ്യൽ സപ്പോർട്ട് ടീം നിർവഹിക്കുന്നു.

74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിൽ ഇരിക്കുന്ന 31,520 പേർക്കും ഇത്തരത്തിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ സ്കൂൾ കുട്ടികളേയും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം ബന്ധപ്പെടുന്നുണ്ട്. 7.12 ലക്ഷം സ്കൂൾ കുട്ടികളേയാണ് ഇതുവരെ വിളിച്ചത്. അതിൽ 73,723 കുട്ടികൾക്ക് കൗൺസിലിംഗ് നൽകി വരുന്നു.

Read also:രാജ്യത്ത് 37 ലക്ഷത്തിലധികം സജീവ രോഗികൾ; ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് മൂന്നരലക്ഷത്തോളം പേർക്ക്

പുതുതായി ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ള ഹെല്പ്ലൈനും ആരംഭിച്ചു. ഏകദേശം 64000 കോളുകൾ ആരോഗ്യപ്രവർത്തകരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനായി വിളിച്ചു കഴിഞ്ഞു. അവർക്കാവശ്യമുള്ള സ്ട്രെസ് മാനേജ്മെൻ്റ് ക്ളാസുകൾ സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും നൽകി വരികയും ചെയ്യുന്നു. ഇതുവരെ 83 ലക്ഷം കോളുകളിലൂടെ 52 ലക്ഷം പേർക്കാണ് ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതി സേവനം നൽകിയത്. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സൈക്കോ സോഷ്യൽ ഹെൽപ് ലൈൻ നമ്പറുകൾ ലഭ്യമാണ്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

Story Highlights:helpline center for stress relief