ഇത് ‘വിട്ടുകള’; കള ഒരു ഫീല്‍ഗുഡ് സിനിമ ആയിരുന്നെങ്കില്‍, ദാ ഇതുപോലെ; വിഡിയോ പങ്കുവെച്ച് ടൊവിനോ
തിയേറ്ററുകള്‍ക്ക് പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലൂടേയും പ്രേക്ഷകരിലേക്കെത്തിയ കള എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ടൊവിനോ തോമസ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. പ്രിയപ്പെട്ട ഒന്നിന്റെ നഷ്ടപ്പെടലില്‍ നിന്നും ഉടലെടുക്കുന്ന പ്രതികാരവും അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടവുമൊക്കെയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഒരു പകയുടെ കഥയാണ് കള. സുമേഷ് മൂറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തി.
എന്നാല്‍ കള ഒരു ഫീല്‍ഗുഡ് സിനിമ ആയിരുന്നെങ്കിലോ. എങ്കില്‍ സിനിമ എങ്ങനെയായിരിക്കും എന്നുള്ള എഡിറ്റഡ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്. മറ്റ് സിനിമകളുടെ ചില രംഗങ്ങള്‍ കൂടി കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ വിഡിയോ ഒരുക്കിയിരിക്കുന്നത്. കളയ്ക്ക് പകരം ‘വിട്ടുകള’ എന്ന പേരും നല്കിയിരിക്കുന്നു.
‘നമുക്ക് ചുറ്റുമുള്ള ലോകം അഹംഭാവങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മുക്തരായിരുന്നുവെങ്കില് എല്ലാവരും ഈ ഷാജിയെപ്പോലെ ദയയുള്ളവരായിരുന്നുവെങ്കില് കള ഇതുപോലൊരു ഫീല്‍ ഗുഡ് സിനിമയാകുമായിരുന്നു! എന്നാല്‍ ലോകം അങ്ങനെയല്ല, അതുകൊണ്ടാണ് കള ഇപ്പോള്‍ ഫീല്‍ ബാഡ് സിനിമയായത്. എന്ന കുറിപ്പിനൊപ്പമാണ് ഈ വിഡിയോ ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. അഖില്‍ വിഷ്ണു ആണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്.
രോഹിത് വി എസ് ആണ് കളയുടെ സംവിധാനം. ഷാജി എന്ന കഥാപാത്രത്തെ ടൊവിനോ അവിസ്മരണീയമാക്കുന്നു. ഒരു സൈക്കോ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രംകൂടിയാണ് കള. നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. തികച്ചും റിയലിസ്റ്റിക്കായാണ് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും കളയുടെ ആകര്‍ഷണമാണ്.
Story highlights: If Kala would have been a feel good movie video shares by Tovino